ആശുപത്രി കെട്ടിടം പണിതിട്ട് മൂന്നുവർഷം; ചികിത്സ ഇപ്പോഴും വരാന്തയിൽ
1590171
Tuesday, September 9, 2025 1:47 AM IST
മൗക്കോട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിലവിലുള്ള കെട്ടിടത്തിനു മുകളിൽ രണ്ടു നിലകൾ കൂടി കൂട്ടിയെടുത്തിട്ട് മൂന്നുവർഷമായി.
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 54 ലക്ഷം രൂപ ചെലവിലാണ് രണ്ടു നിലകൾ പണിതത്. പക്ഷേ പണി തീർത്ത് കരാറുകാർ അവരുടെ വഴിക്ക് പോയതല്ലാതെ കെട്ടിടം ഇതുവരെ ആശുപത്രിക്ക് പ്രയോജനപ്പെട്ടിട്ടില്ല.
കുടുംബാരോഗ്യകേന്ദ്രത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഇപ്പോഴും താഴത്തെ നിലയിലെ മൂന്ന് മുറികളിലായാണ് നടക്കുന്നത്. ഇവിടെ സ്ഥലസൗകര്യത്തിന്റെ കുറവ് മൂലം വരാന്തയിൽ പോലും കട്ടിലുകളിട്ട് രോഗികളെ കിടത്തേണ്ടിവരുന്ന അവസ്ഥയാണ്.
കൂട്ടിയെടുത്ത രണ്ട് നിലകളിലും ഓരോ ഹാളുകൾ മാത്രമാണ് ഇപ്പോൾ നിർമിച്ചിട്ടുള്ളത്. ഇവയെ ആശുപത്രിയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ മുറികളായി തിരിക്കണം. ആവശ്യമായ ഫർണിച്ചറും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കണം. വൈദ്യുതി കണക്ഷനും ലഭിക്കേണ്ടതുണ്ട്. ഇത്രയും കാര്യങ്ങളിൽ മൂന്നുവർഷമായിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടങ്ങൾ നിർമിക്കാൻ അധികാരികൾ കാണിക്കുന്ന ആവേശം പിന്നീട് ചുരുങ്ങിയ ചെലവിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കി അവ ഉപയോഗിക്കുന്ന കാര്യത്തിൽ കാണാറില്ലെന്ന അനുഭവം ഇവിടെയും ആവർത്തിക്കുകയാണ്.
അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കി ഈ കെട്ടിടം എന്നേക്ക് തുറന്നുകൊടുക്കാനാകുമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ഇപ്പോഴും കൈമലർത്തുകയാണ്.