വിഷാദരോഗികള്‍ക്ക് താങ്ങായി ‘ആശ്വാസം’ ക്ലിനിക്കുകള്‍
1590961
Friday, September 12, 2025 1:44 AM IST
കാസര്‍ഗോഡ്: കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കടുത്ത മാനസികസമ്മര്‍ദത്തിലേക്കും അതുമൂലമുള്ള ആത്മഹത്യയിലേക്കും വഴിവയ്ക്കുന്ന രോഗമണ് വിഷാദം. ഇങ്ങനെ വിഷാദരോഗത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് ആശ്വാസം ക്ലിനിക്കുകള്‍.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയിട്ടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴിലാണ് ആശ്വാസം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 2017 മുതലാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഭാഗമായി 38 ആശ്വാസം ക്ലിനിക്കുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി മാസംതോറും അഞ്ഞൂറിലേറെ പേരെ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നും അതില്‍ അഞ്ചു ശതമാനത്തിലേറെ വ്യക്തികളിലും വിഷാദരോഗ ലക്ഷണങ്ങള്‍ കാണാറുണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മുന്‍കൂട്ടി തയാറാക്കിയ ഒമ്പതു ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലികളുടെ അടിസ്ഥാനത്തില്‍ ആണ് രോഗനിര്‍ണയം നടത്തുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളയിലും കുടുംബരോഗ്യ കേന്ദ്രങ്ങളില്‍ മറ്റു ചികിത്സയ്ക്കായി എത്തുന്നവരിലും വിഷാദരോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നവരോട് ആരോഗ്യപ്രവര്‍ത്തകര്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുകയും കിട്ടുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ രോഗതീവ്രത നിര്‍ണയിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ല മാനസികാരോഗ്യ കേന്ദ്രങ്ങളിലുമായി അനുബന്ധ ടെസ്റ്റുകളും ചികിത്സകളും നല്കുന്നു. അതോടൊപ്പം അവര്‍ക്ക് വേണ്ട മാനസിക പിന്തുണയും ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തുന്നു. ശരീരികാരോഗ്യത്തോടൊപ്പം മനസിന്റെ ആരോഗ്യത്തെയും ചേര്‍ത്ത് പിടിക്കുകയാണ് ആശ്വാസം ക്ലിനിക്കുകള്‍.