തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പുതിയ സെക്രട്ടറിമാർ
1591211
Saturday, September 13, 2025 2:10 AM IST
കാസർഗോഡ്: തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കേ ജില്ലയിലെ 15 പഞ്ചായത്തുകളിൽ പിഎസ് സി റാങ്ക് പട്ടികയിൽ നിന്ന് പുതിയ സെക്രട്ടറിമാരെ നിയമിച്ചു. വെസ്റ്റ് എളേരി, പനത്തടി, ബേഡഡുക്ക, ഉദുമ, ചെങ്കള, കാറഡുക്ക, പുല്ലൂർ-പെരിയ, ബദിയടുക്ക, കുംബഡാജെ, മധൂർ, കുമ്പള, പുത്തിഗെ, മീഞ്ച, ചെറുവത്തൂർ, പടന്ന പഞ്ചായത്തുകളിലാണ് പുതിയ സെക്രട്ടറിമാരെ നിയമിച്ചത്.
ഇതിൽ പല പഞ്ചായത്തുകളിലും മാസങ്ങളോളമായി സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മധൂരിലും കുമ്പളയിലും നേരത്തേയുണ്ടായിരുന്ന സെക്രട്ടറിമാർ പല വിവാദങ്ങളിലും പെട്ടതാണ്. ബദിയടുക്കയിൽ ഏറെക്കാലമായി സെക്രട്ടറിയില്ലാത്തതും ജീവനക്കാരുടെ ക്ഷാമവും മൂലം പഞ്ചായത്ത് ഓഫീസ് അടച്ചിട്ട് ഭരണസമിതി അംഗങ്ങൾ പ്രതിഷേധം നടത്തിയിരുന്നു.
തെരഞ്ഞെടുപ്പുകാലത്തും പഞ്ചായത്തുകളിൽ സെക്രട്ടറിമാരില്ലാത്ത സാഹചര്യം ഒഴിവാക്കാനാണ് അവസാനനിമിഷത്തിൽ നിയമനം നടത്തിയത്. എന്നാൽ ഏറെ ഉത്തരവാദിത്വവും ശ്രദ്ധയും ജോലിഭാരവും വേണ്ടിവരുന്ന തെരഞ്ഞെടുപ്പുകാലം പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് തികഞ്ഞ വെല്ലുവിളിയാകുമെന്നുറപ്പാണ്. ചെറിയ പിഴവുകളും സമ്മർദങ്ങളും പോലും വലിയ വിവാദങ്ങളിലേക്ക് വഴിതെളിക്കാനും ഇടയുണ്ട്.
പഞ്ചായത്തുകളിലെ ജോലിയുടെ സ്വഭാവം പോലും മനസിലാക്കാൻ കഴിയുന്നതിനു മുമ്പാണ് പുതിയ സെക്രട്ടറിമാർ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് എത്തിപ്പെടുന്നത്. മുതിർന്ന അസി.സെക്രട്ടറിമാരുടെയോ സീനിയർ ക്ലാർക്കുമാരുടെയോ സഹായമില്ലാതെ ഇവർക്ക് കാര്യങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ടാകും.
സെക്രട്ടറിമാരില്ലാതിരുന്ന മിക്ക പഞ്ചായത്തുകളിലും ഇതുവരെ അസി.സെക്രട്ടറിമാർ തന്നെയാണ് ചുമതല വഹിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുപുറമേ പദ്ധതി നിർവഹണം, തൊഴിലുറപ്പ് പദ്ധതി, വിവരാവകാശം തുടങ്ങിയവയുടെ ഉത്തരവാദിത്വങ്ങളും ഇവർക്ക് കടുത്ത ജോലിഭാരം സൃഷ്ടിച്ചിരുന്നു. ഭരണസമിതികളുടെ കാലാവധി തീരാറായ സാഹചര്യത്തിൽ പദ്ധതികൾ പെട്ടെന്ന് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദവും ഏറെയാണ്.
പല പഞ്ചായത്തുകളിലും ഇതുവരെ മഴ മൂലം തുടങ്ങാൻ കഴിയാതിരുന്ന റോഡുകളുടെ റീടാറിംഗ് ജോലികൾ പെട്ടെന്ന് തുടങ്ങാൻ ഭരണസമിതി അംഗങ്ങളുടെ ഭാഗത്തുനിന്നുതന്നെ വലിയ സമ്മർദമുണ്ട്. തകർന്ന് താറുമാറായി കിടക്കുന്ന റോഡുകൾ തെരഞ്ഞെടുപ്പിനു മുമ്പ് നന്നാക്കാനായില്ലെങ്കിൽ അതുവഴി വോട്ടുചോദിച്ചുപോകാൻ തന്നെ ബുദ്ധിമുട്ടാകും. ഭവന നിർമാണ, പുനരുദ്ധാരണ പദ്ധതിൾക്ക് പണമനുവദിക്കുന്ന കാര്യത്തിലും സമ്മർദമേറെയാണ്. ചുമതലയേറ്റെടുക്കുന്ന പുതിയ സെക്രട്ടറിമാർക്ക് പെട്ടെന്നുതന്നെ ഇക്കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കേണ്ടിവരും.
തൃക്കരിപ്പൂർ, ബെള്ളൂർ പഞ്ചായത്തുകളിൽ സ്ഥലംമാറ്റത്തിലൂടെ പുതിയ സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ടെങ്കിലും അവർ ചുമതലയേൽക്കാൻ വൈകുന്നത് പ്രതിസന്ധിയായിട്ടുണ്ട്. ബളാലിലും നിലവിലുള്ള സെക്രട്ടറി സ്ഥാനക്കയറ്റം ലഭിച്ച് പോവുകയാണ്. നീലേശ്വരം, കാസർഗോഡ് നഗരസഭകളിലും നിലവിലുള്ള സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ അഭാവവും ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളിലും കടുത്ത ജോലിഭാരവും സമ്മർദവുമുണ്ടാക്കുന്നുണ്ട്.