കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് 19നു തുറക്കും
1590962
Friday, September 12, 2025 1:44 AM IST
കാഞ്ഞങ്ങാട്: അറ്റകുറ്റപ്പണികള്‍ക്കായി അഞ്ചുമാസത്തിലധികമായി പൂട്ടിക്കിടന്ന കോട്ടച്ചേരി പഴയ ബസ്സ്റ്റാന്‍ഡ് 19നു തുറക്കും. ബസ്സ്റ്റാന്‍ഡ് പൂട്ടിക്കിടക്കുന്നതിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് തുറക്കാനുള്ള തീരുമാനം. സ്റ്റാന്‍ഡ് പരിസരത്ത് അഞ്ചുമാസത്തിലധികമായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.
ബസ്സ്റ്റാന്‍ഡ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാണ് ഏപ്രില്‍ ഒന്നു മുതല്‍ സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചത്. എന്നാല്‍, പരമാവധി ഒരുമാസം കൊണ്ട് തീര്‍ക്കേണ്ടുന്ന പണി അനന്തമായി നീട്ടിക്കൊണ്ടുപോയ നഗരസഭയുടെ നടപടി കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ആദ്യത്തെ ഒന്നരമാസം വരെ ഒരു പ്രവൃത്തിയും ചെയ്യാതെ വെറുതെ അടഞ്ഞു കിടക്കുകയായിരുന്നു.
പിന്നീട് മേയ് പകുതിയോടെ ടാറിംഗ് ഇളക്കുന്ന ജോലിയും ഡ്രെയിനേജിനുള്ള കുഴിയുമെടുത്തു. പിന്നാലെ മഴ വന്നതോടെ കുഴിയില്‍ വെള്ളം നിറഞ്ഞ് യാത്രക്കാരന് വീണ് പരുക്കേറ്റിരുന്നു. ഇതോടെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ദിവസങ്ങളോളം നിലച്ച ജോലി പുനരാരംഭിച്ച് കോണ്‍ക്രീറ്റിന് മുന്നോടിയായുള്ള പ്രവൃത്തി തുടങ്ങി. വീണ്ടും പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു. പിന്നാലെ വിഷു-പെരുന്നാള്‍ തിരക്ക് വന്നതോടെ ബസ്സ്റ്റാന്‍ഡ് പരിസരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. കടുത്ത വേനലില്‍ ജോലിയൊന്നും ചെയ്യാതെ പിന്നീട് പെരുമഴയത്താണ് കോണ്‍ക്രീറ്റ് പ്രവൃത്തി നടന്നത്.
ഓണവും നബിദിനവും വന്നതോടെ വീണ്ടും ജനത്തിരക്കില്‍ ബസ്സ്റ്റാന്‍ഡ് വീര്‍പ്പുമുട്ടി. സെപ്റ്റംബര്‍ ആറിനകം സ്റ്റാന്‍ഡ് പൂര്‍ണ തോതില്‍ തുറന്നു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടെങ്കിലും അതും നടപ്പിലായില്ല.
കടമുറി ലേലനടപടികള്‍ പൂര്‍ത്തിയാക്കിയ ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് സജീവമാക്കുന്നതിനായി കോട്ടച്ചേരി സ്റ്റാന്‍ഡ് എന്നെന്നേക്കുമായി അടച്ചിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് നഗരസഭയുടെ ഭാഗത്തു നിന്നുള്ളതെന്നും വലിയ പ്രചരണമുണ്ടായിരുന്നു. എന്നാല്‍, തദ്ദേശതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നവേളില് ഇതു വലിയ ജനകീയപ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് മനസിലായതോടെ അധികൃതര്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറിയെന്നാണ് സൂചന. ബസ്സ്റ്റാന്‍ഡ് തുറക്കാനുള്ള തീരുമാനം ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ്.