കാസര്‍ഗോഡ് ഐഐപിഡി സെന്റര്‍ നിര്‍മാണോദ്ഘാടനം നാളെ
1590181
Tuesday, September 9, 2025 1:47 AM IST
കാഞ്ഞങ്ങാട്: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി ലോകോത്തര മാതൃകയില്‍ നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട്ഫര് പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസ് (ഐഐപിഡി) സംരംഭത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ നടക്കും.
രാവിലെ 10.30ന് മടിക്കൈ അടുക്കത്തുപറമ്പിലെ 22 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്ന ഈ പദ്ധതിയുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ ചലച്ചിത്രസംവിധായകനും ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്, സാഹിത്യകാരന് ടി. പദ്മനാഭന്, ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. ഡിഎസി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ അധ്യക്ഷതവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് രമേശന് പാലേരി, ദാമോദര്‍ ആര്‍ക്കിടെക്ട് സിഇഒ കെ. ദാമോദരന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും. ട്രെയിനിംഗ് സെന്റര്‍, തെറാപ്പി സെന്ററുകള്‍, ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെ ഒരുമിക്കുന്ന ഒരു സെന്റര്‍കൂടിയാണിത്.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് ഇവിടെ ഉള്ളത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ തുടങ്ങിയവ കാസര്‍ഗോഡ് ഐഐപിഡിയില്‍ ഉണ്ടാകും.
ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്.
100 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2026ല്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. 2029ഓടുകൂടി പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐഐപിഡി മാറും.
പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രതിവര്‍ഷം 1000 ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്കുന്ന രീതിയിലാണ് കാമ്പസ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സെന്ററിലെ സേവനങ്ങൾ ലഭിക്കും.