പനത്തടി പഞ്ചായത്തിലെ വികസന സദസിനെതിരേ പ്രതിപക്ഷം
1591216
Saturday, September 13, 2025 2:10 AM IST
പനത്തടി: പഞ്ചായത്തിന്റെ വിവിധ ഗ്രാമീണ പ്രദേശങ്ങളിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനോ എംപി, എംഎൽഎ എന്നിവരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച കാലാവധി കഴിഞ്ഞ വിവിധ ചെറുതും വലുതുമായ വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനോ ആവശ്യമായ തനതു ഫണ്ട് ഇല്ലാതെ വിഷമിക്കുന്ന പനത്തടി പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാരിന്റെ വികസന സദസ് സംഘടിപ്പിക്കുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ്. കഴിഞ്ഞ നാലുവർഷമായി ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഒരു തുകയും വകയിരുത്താത്ത പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി വികസന സദസുകൾ സംഘടിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം സംഘടിപ്പിച്ച നവ കേരള സദസ്സിൽ നിരവധി നിവേദനങ്ങളും നിർദ്ദേശങ്ങളു മാണ് സദസ്സിനു മുൻപാകെ എത്തിയത് . എന്നാൽ നവകേരള സദസ്സിന് മുൻപാകെ വന്ന നിർദ്ദേശങ്ങളിൽ ഒന്ന് പോലും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് ഭരണസമിതി അംഗങ്ങളായ കെ.ജെ.ജയിംസ്, എൻ.വിൻസെന്റ്, രാധ സുകുമാരൻ എന്നിവർ യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.