കെസിസിപിഎൽ പെട്രോൾ പമ്പ് ഉദ്ഘാടനം 27 ന്
1591218
Saturday, September 13, 2025 2:10 AM IST
കരിന്തളം: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡ് (കെസിസിപിഎൽ) കരിന്തളം തലയടുക്കത്ത് ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ ഉദ്ഘാടനം 27ന് ഉച്ചകഴിഞ്ഞ് മൂന്നിനു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷതവഹിക്കും. സംസ്ഥാനതലത്തിൽ കെസിസിപിഎലിന്റെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന നാലാമത്തെ പെട്രോൾ പമ്പാണിത്.
സംഘാടകസമിതി രൂപീകരണയോഗം 18ന് ഉച്ചകഴിഞ്ഞ് മൂന്നിനു കിനാനൂർ - കരിന്തളം പഞ്ചായത്ത് ഹാളിൽ ചേരും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎലുമായി സഹകരിച്ചാണ് പെട്രോൾ പമ്പ് ആരംഭിക്കുന്നത്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമേ ഓയിൽ ചെയ്ഞ്ച്, ഫ്രീ എയർ സർവീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്കായി സ്റ്റാളുകൾ തുറക്കാനും പദ്ധതിയുണ്ട്. പെട്രോൾ പമ്പിനോടു ചേർന്ന് റിഫ്രഷ്മെന്റ് സെന്റർ, സ്റ്റോർ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ചെയർമാൻ ടി.വി.രാജേഷും എംഡി ഡോ.ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു.