കെഎസ്ആർടിസിയുടെ കോയമ്പത്തൂർ സർവീസ് കോഴിക്കോട് വിമാനത്താവളം വഴിയാക്കണമെന്ന് ആവശ്യം
1590172
Tuesday, September 9, 2025 1:47 AM IST
കാസർഗോഡ്: കാസർഗോഡ് നിന്ന് കോയമ്പത്തൂരിലേക്ക് രാത്രികാല സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ് കോഴിക്കോട് വിമാനത്താവളം വഴി തിരിച്ചുവിടണമെന്ന് ആവശ്യം.
കോവിഡ് കാലം തുടങ്ങുന്നതുവരെ കാസർഗോഡ് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസിയുടെ രാത്രികാല ബസ് സർവീസുണ്ടായിരുന്നു. കാസർഗോഡ് ഡിപ്പോയുടെ ക്ലാസിക് സർവീസുകളിലൊന്നായിരുന്ന ഈ റൂട്ട് ജില്ലയിലെ പ്രവാസികളുടെ ഗൃഹാതുര സ്മരണകളിലൊന്നാണ്. കെഎസ്ആർടിസിക്ക് മികച്ച വരുമാനവും നേടിത്തന്നിരുന്ന ഈ ബസ് പക്ഷേ കോവിഡ് നിയന്ത്രണങ്ങൾ മാറിക്കഴിഞ്ഞ ശേഷം പുനരാരംഭിച്ചില്ല. കണ്ണൂർ വിമാനത്താവളം വന്നതോടെ കോഴിക്കോട്ടേക്കുള്ള സർവീസിന് പ്രസക്തിയും വരുമാനസാധ്യതയും നഷ്ടമായതായാണ് കെഎസ്ആർടിസി അധികൃതർ വിലയിരുത്തിയത്.
എന്നാൽ ഇപ്പോഴും ഗൾഫ് രാജ്യങ്ങളിലേക്കുള്ള നല്ലൊരു ശതമാനം സർവീസുകൾക്ക് ജില്ലയിലെ പ്രവാസികൾ കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ടെന്ന് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇവർക്ക് സഹായകമാകുന്ന വിധത്തിലാണ് കോയമ്പത്തൂർ സർവീസിനെ കോഴിക്കോട് വിമാനത്താവളം വഴി തിരിച്ചുവിടണമെന്ന ആവശ്യമുയരുന്നത്.
വിമാനത്താവളത്തിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള കോഴിക്കോട്-പാലക്കാട് റോഡിലൂടെയാണ് ഈ ബസ് സർവീസ് നടത്തുന്നത്. പുലർച്ചെ ഒന്നരയോടെയാണ് വിമാനത്താവളത്തിന് സമീപമെത്തുന്നത്.
ഈ സമയത്ത് ബസിനെ വിമാനത്താവളം വഴി തിരിച്ചുവിട്ടാൽ അത് കാസർഗോഡ് ഭാഗത്തുനിന്നുള്ള വിമാനയാത്രക്കാർക്കും പാലക്കാട് ഭാഗത്തേക്കുപോകാൻ വിമാനമിറങ്ങുന്നവർക്കുമെല്ലാം ഒരുപോലെ പ്രയോജനം ചെയ്യുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യമുന്നയിച്ച് പാസഞ്ചേർസ് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടുണ്ട്.