ചെമ്മൺ പാതയല്ല , ഇതു മേലടുക്കം റോഡ്
1590958
Friday, September 12, 2025 1:44 AM IST
കാഞ്ഞങ്ങാട്: ദേശീയപാതയുടെ സർവീസ് റോഡിനു സമീപത്തെ ഓവുചാലിന്റെ സ്ലാബിനു മുകളിൽ നിന്ന് കുത്തനെ താഴോട്ട് മണ്ണിട്ടൊരു വഴി. അതിനു താഴെ പഴയൊരു ടാർ റോഡ്. മുകളിലും വശങ്ങളിലും നിന്ന് മണ്ണ് ഒഴുകിപ്പരന്ന് ടാറിട്ട ഭാഗങ്ങൾ പലതും മൂടിപ്പോയ നിലയിലാണ്. മഴയത്ത് മണ്ണും ചെളിയും കൂടിക്കുഴയുന്ന ഈ റോഡിലൂടെ വാഹനയാത്ര തീർത്തും ദുഷ്കരമാണ്. മഴ മാറി എല്ലാം ഉണങ്ങിയാലും റോഡിന്റെ തുടക്കത്തിൽ കുത്തനെ ഇട്ടിരിക്കുന്ന ചരൽമണ്ണിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നത് പതിവുകാഴ്ച.
ഇത് കാഞ്ഞങ്ങാട് നഗരസഭയിൽ ഉൾപ്പെട്ട ക്രൈസ്റ്റ് സ്കൂൾ-മേലടുക്കം റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്. റോഡിൽ റീടാറിംഗ് നടന്നിട്ട് 10 വർഷത്തോളമായി. ദേശീയപാതയിൽ നിന്ന് മേലടുക്കം ലൂർദ് മാതാ പള്ളിയിലേക്കും അങ്കണവാടിയിലേക്കും പോകാനുള്ളവരും സമീപത്തുള്ള നൂറുകണക്കിന് കുടുംബങ്ങളും ആശ്രയിക്കുന്ന റോഡിന്റെ അവസ്ഥ തീർത്തും പരിതാപകരമായത്, ദേശീയപാത നവീകരണ പ്രവൃത്തികൾ തുടങ്ങിയതോടെയാണ്.
ദേശീയപാതയും സർവീസ് റോഡും കൂടുതൽ ഉയരത്തിലായതോടെയാണ് നിലവിലുള്ള റോഡിലേക്കിറങ്ങാൻ കുത്തനെ മണ്ണിട്ടത്. ദിവസേന നൂറുകണക്കിനാളുകളും സ്കൂൾ കുട്ടികളെയടക്കം കൊണ്ടുപോകുന്ന വാഹനങ്ങളും കടന്നുപോകുന്ന റോഡെന്ന നിലയിൽ അല്പംകൂടി ചരിവിൽ മണ്ണിട്ട് നിരപ്പാക്കി പാർശ്വഭിത്തി നിർമിച്ച് ടാറിംഗ് നടത്തേണ്ടതായിരുന്നു. പക്ഷേ ഒരുവർഷത്തിലധികമായിട്ടും അതൊന്നും നടന്നിട്ടില്ല. ദേശീയപാതയിലും ഇറക്കത്തിലും നിന്നുള്ള മണ്ണ് മഴക്കാലത്ത് താഴെയുള്ള റോഡിലുടനീളം ഒഴുകിപ്പരക്കുകയും ചെയ്തു.
ഈ റോഡിനോട് നഗരസഭയും ദേശീയപാത അധികൃതരും കാണിക്കുന്ന അവഗണനയ്ക്കെതിരെ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. മേലടുക്കം ലൂർദ് മാതാ പള്ളിയിൽ ചേർന്ന യോഗത്തിൽ ഫാ. പീറ്റർ പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സെക്രട്ടറി സെബാസ്റ്റ്യൻ പള്ളിപ്പറമ്പിൽ, അഡ്വ. മാത്യു, റോയ് ജോർജ്, ഇമ്മാനുവേൽ ആംബ്രോസ് എന്നിവർ പ്രസംഗിച്ചു.
ആദ്യപടിയെന്ന നിലയിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും നഗരസഭാ അധികൃതർക്കും നിവേദനം നൽകി.