വരഞ്ഞൂരും കാളിയാനത്തും വന്യമൃഗശല്യം രൂക്ഷം
1590175
Tuesday, September 9, 2025 1:47 AM IST
കരിന്തളം: വരഞ്ഞൂരും കാളിയാനത്തും സമീപപ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷം. ബിരിക്കുളം പച്ചക്കറി ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ ഓണം വിപണിയിലേക്കായി നടത്തിയ പച്ചക്കറികൃഷിക്ക് കാട്ടുപന്നികൾ കനത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു. മയിലുകളും കുരങ്ങുകളുമെല്ലാം കർഷകർക്ക് ഭീഷണിയാകുന്നുണ്ട്.
വരഞ്ഞൂർ, ചെന്നക്കോട്, കരിയാംകൊടൽ, കാളിയാനം ഭാഗങ്ങളിലെല്ലാം കാട്ടുമൃഗങ്ങളുടെ വിളയാട്ടമാണ്. വരഞ്ഞൂരിലെ കെ.സത്യന്റെ വാഴകൃഷിയും കാളിയാനത്തെ കാര്യവീട്ടിൽ രാഘവന്റെ ചേമ്പ് കൃഷിയും കാട്ടുപന്നികൾ നശിപ്പിച്ചു.
പലയിടത്തും കുരങ്ങുകൾ തെങ്ങിൽ കയറി പാകമാകാത്ത തേങ്ങകളും കരിക്കുകളും നശിപ്പിക്കുന്നു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് കർഷകർ നിരവധി തവണ ഗ്രാമസഭാ യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ കർഷകരുടെ കൂടെ നിൽക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് ബിരിക്കുളം പച്ചക്കറി ഉത്പാദകസംഘം യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.കെ. ബാലചന്ദ്രൻ, സെക്രട്ടറി പി. ബാലഗോപാലൻ, ട്രഷറർ കെ. സത്യൻ, സുഗതൻ വരഞ്ഞൂർ, വി. സന്തോഷ്, കെ.പി.വി. സതീശൻ എന്നിവർ സംസാരിച്ചു.