കോൺഗ്രസിലെ ഭിന്നത: കാഞ്ഞങ്ങാട് മൂന്നു നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത
1591473
Sunday, September 14, 2025 1:52 AM IST
കാഞ്ഞങ്ങാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കേ ഹോസ്ദുർഗ് സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് പാർട്ടിയേയും മുന്നണിയേയും സമ്മർദത്തിലാക്കിയതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർമാൻ വി. ഗോപി ഉൾപ്പെടെ മൂന്നു നേതാക്കൾക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടിയെടുക്കാനൊരുങ്ങുന്നു.
ഗോപിക്ക് ബാങ്ക് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന സമ്മർദത്തിന്റെ ഭാഗമായി മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ ഉൾപ്പെടെ പഴയ ഐ വിഭാഗത്തിൽപ്പെട്ട ബ്ലോക്ക് - മണ്ഡലം ഭാരവാഹികളുടെ കൂട്ടരാജി എഴുതിവാങ്ങിയതും ഇതുമായി ബന്ധപ്പെട്ട് നിരന്തരം മാധ്യമങ്ങളിൽ വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ടാണ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. വർഷങ്ങൾക്കുമുമ്പ് ഗ്രൂപ്പുകളിച്ച് യുഡിഎഫിന് നഗരസഭാ ഭരണം നഷ്ടപ്പെടുത്തിയതിന് സമാനമായ പ്രവർത്തനങ്ങളാണ് വീണ്ടും വി. ഗോപിയുടെയും ഒപ്പമുള്ളവരുടെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിനുള്ളത്.
രണ്ടുവർഷം മുമ്പ് ബാങ്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗോപി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ നിലവിലുള്ള പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ പ്രവീൺ തോയമ്മലിനായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ. പാർട്ടി നേതൃത്വം പ്രവീണിനെത്തന്നെ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെ തുടർന്ന് ഗോപി പാർട്ടി അച്ചടക്കം ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും പ്രവീണിനോട് പരാജയപ്പെടുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബാങ്ക് ഡയറക്ടർ സ്ഥാനം തന്നെ രാജിവെക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും തന്നെ ഡയറക്ടറായി നോമിനേറ്റ് ചെയ്ത ശേഷം പ്രസിഡന്റ് സ്ഥാനം തരണമെന്ന ആവശ്യമാണ് ഗോപി ഉന്നയിക്കുന്നത്.
രണ്ടര വർഷം കഴിഞ്ഞശേഷം പ്രവീൺ സ്ഥാനമൊഴിഞ്ഞ് തന്നെ പ്രസിഡന്റാക്കാമെന്ന ധാരണ ഉണ്ടായിരുന്നതായാണ് ഇപ്പോൾ ഗോപിയുടെ അവകാശവാദം. എന്നാൽ ഇങ്ങനെയൊരു ധാരണ ഉണ്ടായിരുന്നെങ്കിൽ ഗോപി ആദ്യംതന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും പരാജയപ്പെട്ടപ്പോൾ ഡയറക്ടർ സ്ഥാനം രാജിവയ്ക്കുകയും ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ എന്ന് പാർട്ടി നേതൃത്വം തന്നെ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ വർഷങ്ങളായി പാർട്ടിയും യുഡിഎഫും ഭരിക്കുന്ന ബാങ്കിനെതിരെ അഴിമതി ആരോപണം ഉയർത്തിയതും ചില പത്രങ്ങളിൽ നിരന്തരം വാർത്തകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഗോപയോടൊപ്പമുള്ള മറ്റൊരു മുൻ ഡയറക്ടർ പത്മരാജൻ ഐങ്ങോത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
മദ്യലഹരിയിൽ ട്രെയിനിൽ കയറി രാജ്മോഹൻ ഉണ്ണിത്താൻ എംപിയോട് അപമര്യാദയായി പെരുമാറുകയും ആ രംഗം ചിത്രീകരിച്ച് കൈരളി ചാനലിന് നൽകുകയും ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്ന പത്മരാജനെ അടുത്തിടെയാണ് തിരിച്ചെടുത്തത്. നഗരസഭയിൽ നേരത്തേ എൽഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചിട്ടുള്ള വി. ഗോപിയും ഒപ്പമുള്ളവരും ഇത്തവണയും കാലേക്കൂട്ടി അതേ ലക്ഷ്യംവച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
നേരത്തേ ജില്ലയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളായ ടി.എൻ. പ്രതാപന്റെയും സോണി സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നുണ്ടായ ധാരണകളും ഗോപിയും കൂട്ടരും തള്ളിക്കളയുകയായിരുന്നു. ഗോപിക്കൊപ്പം നിൽക്കുന്ന മണ്ഡലം പ്രസിഡന്റ് രാജിവച്ച സാഹചര്യത്തിൽ പഴയ ഐ വിഭാഗത്തിൽനിന്നുതന്നെയുള്ള വൈസ് പ്രസിഡന്റ് സുരേഷ് കൊട്രച്ചാലിന് ചുമതല നൽകിയിട്ടുണ്ട്. ഗോപിയുടെ നീക്കങ്ങളെ അംഗീകരിക്കാത്ത ഭൂരിപക്ഷം ഐ ഗ്രൂപ്പ് നേതാക്കളും പാർട്ടി പരിപാടികളുമായി സഹകരിക്കുന്നുണ്ട്.
ഏറെ വർഷങ്ങൾക്കുശേഷം നഗരസഭാ ഭരണം തിരികെ കിട്ടാനുള്ള സാധ്യത ഉയർന്നുവരുമ്പോൾ അതിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വികാരമാണ് ഇവർ പ്രകടിപ്പിക്കുന്നത്. നഗരസഭാ തെരഞ്ഞെടുപ്പിൽ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് കിട്ടുന്ന അവസരം ഗ്രൂപ്പുകളിച്ച് ഇല്ലാതാക്കരുതെന്നും ഇവർ പറയുന്നു.
കെപിസിസിയുടെ ആഹ്വാനപ്രകാരം അടുത്തിടെ കാഞ്ഞങ്ങാട്ട് നടന്ന പരിപാടികളിലെല്ലാം പ്രവർത്തകരുടെ മികച്ച പങ്കാളിത്തമുണ്ടായതോടെ വിമതനീക്കങ്ങൾക്ക് പ്രവർത്തകരുടെ പിന്തുണയില്ലെന്ന വിലയിരുത്തലും കോൺഗ്രസ് നേതൃത്വത്തിനുണ്ടായിട്ടുണ്ട്. അച്ചടക്കനടപടിയുണ്ടായാലും ഗോപിയും പത്മരാജനുമടക്കം നേരത്തേ പാർട്ടി വിട്ടുപോയിട്ടുള്ള ഏതാനും പേർ മാത്രമേ ഇത്തവണയും പോകാനിടയുള്ളൂ എന്നാണ് കണക്കുകൂട്ടൽ.