ദേശീയപാതയിൽ ഭീഷണി ഉയർത്തി പഴയ സ്കൂൾ കെട്ടിടം
1591471
Sunday, September 14, 2025 1:52 AM IST
കാസർഗോഡ്: കല്ലങ്കൈ എഎൽപി സ്കൂളിന്റെ ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടം ദേശീയപാതയ്ക്ക് സുരക്ഷാഭീഷണിയാകുന്നു. ദേശീയപാതയുടെ സർവീസ് റോഡിനോടുചേർന്ന് നടപ്പാതയ്ക്ക് വേണ്ടി മണ്ണെടുത്തപ്പോൾ കെട്ടിടത്തോടുചേർന്ന ഭാഗത്തുനിന്നും മണ്ണിടിച്ചിലുണ്ടായിരുന്നു. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ള കെട്ടിടം തകർന്നാൽ കെട്ടിടാവശിഷ്ടങ്ങളും മണ്ണും ദേശീയപാതയിലേക്കും സർവീസ് റോഡിലേക്കുമായിരിക്കും പതിക്കുക.
കാലപ്പഴക്കം മൂലം ഏതുനിമിഷവും തകർന്നുവീണേക്കാമെന്നു ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് അധികൃതർ നേരത്തേ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയിരുന്നു. സ്കൂളിന് കുറച്ചകലെയായി പുതിയ കെട്ടിടം നിർമിച്ചതിനാൽ ക്ലാസുകളെല്ലാം അങ്ങോട്ട് മാറ്റുകയും ചെയ്തു. ഇനി ഈ കെട്ടിടം തകർന്നുവീണാലും അത് കൂടുതൽ സുരക്ഷാഭീഷണിയായി മാറുന്നത് ദേശീയപാതയ്ക്കും സർവീസ് റോഡിനുമാണ്.
സർവീസ് റോഡിന് നേരെ മുകളിലായിട്ടാണ് സ്കൂൾ കെട്ടിടം നിൽക്കുന്നത്. ദേശീയപാത വീതികൂട്ടുന്നതിനും സർവീസ് റോഡ് നിർമിക്കുന്നതിനും വേണ്ടി മണ്ണെടുത്തതോടെയാണ് കെട്ടിടം പാതയുടെ ഇത്രയും ഓരത്തായത്. തൊട്ടുപിന്നാലെ മണ്ണിടിച്ചിൽ കൂടി ഉണ്ടായതോടെ കെട്ടിടം കൂടുതൽ അപകടഭീഷണിയിലായി.
തൊട്ടടുത്തുതന്നെ വൈദ്യുത തൂണുകളും ലൈനുകളുമുള്ളതും ആശങ്കയാകുന്നു. അപകടങ്ങളെന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് കെട്ടിടം പൊളിച്ചുമാറ്റാൻ സ്കൂൾ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.