നീലേശ്വരത്ത് കേരഫെഡ് പച്ചത്തേങ്ങ സംഭരണം തുടങ്ങുന്നു; ഉദ്ഘാടനം നാളെ
1591472
Sunday, September 14, 2025 1:52 AM IST
നീലേശ്വരം: വിപണിവിലയേക്കാൾ രണ്ടുരൂപ കൂടുതൽ നൽകിയും തുക തൊട്ടടുത്ത ദിവസം തന്നെ ബാങ്ക് അക്കൗണ്ടിലെത്തിച്ചും കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കാൻ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കേരഫെഡ്. നീലേശ്വരം പേരോലിലാണ് ജില്ലയിൽ പുതിയ പച്ചത്തേങ്ങ സംഭരണകേന്ദ്രം തുടങ്ങുന്നത്. സംഭരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് നവ്കോസ് ഹാളിൽ കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി നിർവഹിക്കും.
ഒരുമാസം മുമ്പ് ചെറുപുഴയിൽ തുടങ്ങിയ പച്ചത്തേങ്ങ സംഭരണം വിജയമായതിന്റെ തുടർച്ചയായാണ് നീലേശ്വരത്തും തുടങ്ങുന്നത്. ചെറുപുഴയിൽ ഓഗസ്റ്റ് ഏഴിന് തുറന്ന സംഭരണകേന്ദ്രത്തിൽ നിന്ന് ഇതുവരെ 116 ടൺ തേങ്ങ സംഭരിക്കാൻ കഴിഞ്ഞു. ഇതിന്റെ വിലയായി 84,51,371 രൂപ കർഷകർക്ക് വിതരണം ചെയ്തു. നീലേശ്വരത്തെ സംഭരണകേന്ദ്രത്തിൽ മലയോരത്തുനിന്നും തീരദേശത്തുനിന്നും ഒരുപോലെ തേങ്ങയെത്തുമെന്നാണ് പ്രതീക്ഷ.
തേങ്ങയ്ക്കും കൊപ്രയ്ക്കും വിലയേറിയതോടെ കേരഫെഡിന്റെ വെളിച്ചെണ്ണ നിർമിക്കാൻ ആവശ്യത്തിന് കൊപ്ര കിട്ടാനില്ലാതായ സാഹചര്യത്തിലാണ് കർഷകരിൽ നിന്ന് നേരിട്ട് സംഭരണം തുടങ്ങാൻ തീരുമാനിച്ചത്. നേരത്തേ കൊപ്ര സ്വകാര്യ ഏജൻസികളിൽ നിന്ന് ടെൻഡറിലൂടെ വാങ്ങുകയായിരുന്നു പതിവ്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതോടെ സ്വകാര്യ ഏജൻസികളുടെ വിലകൂട്ടൽ സമ്മർദം നേരിടേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ.
ഒരുവർഷം ശരാശരി 20000 ടണ്ണോളം കൊപ്രയാണ് കേരഫെഡ് വെളിച്ചെണ്ണ ഉത്പാദനത്തിനായി വാങ്ങുന്നത്. ഇതിൽ ഏറിയപങ്കും തമിഴ്നാട്ടിൽ നിന്നുള്ള സ്വകാര്യ ഏജൻസികൾ കൈയടക്കുകയായിരുന്നു പതിവ്. ഇവരാണ് ഇപ്പോൾ വിലകൂട്ടൽ സമ്മർദം നടത്തുന്നത്. കൂടുതലും കേരളത്തിൽ നിന്ന് സംഭരിക്കുന്ന പച്ചത്തേങ്ങയാണ് ഇവരും കൊപ്രയാക്കി വിൽക്കുന്നത്.
കൊപ്ര ദീർഘകാലം നിറംമങ്ങാതെ നിൽക്കാനായി സൾഫർ പുകച്ച് വയ്ക്കുന്നുവെന്ന ആരോപണവും ഇവർക്കെതിരായുണ്ട്. ഈ കൊപ്രയാണ് കേരഫെഡ് വെളിച്ചെണ്ണയാക്കി വിൽക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയകുന്നതിലൂടെ ഈ പ്രശ്നങ്ങളും മറികടക്കാനാകുമെന്നാണ് കേരഫെഡിന്റെ വിലയിരുത്തൽ.