സുരേഷ് ഗോപിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: എയിംസ് കൂട്ടായ്മ
1591717
Monday, September 15, 2025 1:59 AM IST
കാസര്‍ഗോഡ്: എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി നിലനില്‍ക്കുമ്പോഴും കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് ആലപ്പുഴയിലോ തൃശൂരോ ആയിരിക്കണമെന്നും അതല്ലെങ്കില്‍ തമിഴ്നാട്ടില്‍ അനുവദിക്കാന്‍ നിര്‍ദേശിക്കും എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന കാസര്‍ഗോഡ് ജനതയോടുള്ള വെല്ലുവിളിയാണെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ആരോപിച്ചു.
മന്ത്രിയാകുന്നതിന് മുമ്പ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സന്ദര്‍ശിച്ച് അവരുടെ കൂടെ നില്‍ക്കുമെന്നും എയിംസ് അടക്കമുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളുടെ ന്യൂനത കാസര്‍ഗോഡിന്റെ ആരോഗ്യ പിന്നോക്കാവസ്ഥക്ക് കാരണമായിട്ടുണ്ടെന്നും ജില്ലയുടെ മികച്ച ചികിത്സാ സൗകര്യത്തിനായി പ്രവര്‍ത്തിക്കുമെന്നും വാ തോരാതെ പ്രസംഗിച്ചിട്ടുള്ള സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടപ്പോള്‍ കാസര്‍ഗോഡിനെ മറന്നത് സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറന്ന് പോയി എന്നതിനെ അന്വര്‍ഥമാക്കുന്നതാണ്.
എയിംസ് അല്ലെങ്കില്‍ തത്തുല്യമായ കേന്ദ്ര മെഡിക്കല്‍ കോളജ് ജില്ലയില്‍ സ്ഥാപിക്കും എന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത ജില്ലാ ബിജെപി നേതൃത്വം മന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറയാന്‍ തയാറാകണമെന്നും എയിംസ് അടക്കമുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ ജില്ലയില്‍ അനുവദിച്ചു കിട്ടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വരുന്ന രാഷ്ട്രീയ കക്ഷികള്‍ എയിംസ് വിഷയത്തിലുള്ള അവരുടെ നിലപാട് വ്യക്തമാക്കണമെന്നും എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറല്‍ സെക്രട്ടറി മുരളീധരന് പടന്നക്കാട്, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, കോ-ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി എന്നിവര്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ ജനങ്ങളെ മാനസികമായി വേദനിപ്പിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ ആറു വര്‍ഷക്കാലമായി പ്രത്യക്ഷമായും കോടതി വ്യവാഹാരത്തിലൂടെയും സമരമുഖത്ത് നിലകൊള്ളുന്ന എയിംസ് ജനകീയ കൂട്ടായ്മയെ തുടര്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് നിര്‍ബന്ധിതമാക്കുമെന്നും കൂട്ടായ്മ നേതാക്കള്‍ അറിയിച്ചു.