പനത്തടി പഞ്ചായത്ത് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി
1592006
Tuesday, September 16, 2025 1:54 AM IST
പനത്തടി: പനത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡ് ചെറുപനത്തടിയിലെ ഭിന്നശേഷിക്കാരനായ പി.കെ. നാരായണന് അതിദരിദ്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി പ്രകാരം പഞ്ചായത്ത് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് താക്കോൽ കൈമാറ്റം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത അരവിന്ദൻ, പഞ്ചായത്ത് അംഗങ്ങളായ എൻ. വിൻസെന്റ്, കെ.കെ. വേണുഗോപാൽ, കെ.ജെ. ജെയിംസ്, രാധ സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി ഇ.എം. ഷിബു, അസി. സെക്രട്ടറി ജോസഫ് ഡാനിയേൽ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മിനിഷ എന്നിവർ പ്രസംഗിച്ചു.
അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനായി 2022 ൽ നടത്തിയ സർവേയിലാണ് മൂന്ന് സെന്റ് സ്ഥലത്ത് കുടിൽകെട്ടി കഴിയുകയായിരുന്ന നാരായണനെയും ഭാര്യ രോഹിണിയെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ലൈഫ് ഭവന പദ്ധതിക്ക് കൃത്യസമയത്ത് അപേക്ഷ സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് നാരായണന് ഭിന്നശേഷി സർട്ടിഫിക്കറ്റും വികലാംഗ പെൻഷനും അനുവദിച്ചു നൽകിയിരുന്നു.
വീടിന്റെ നിർമാണവും ആരംഭിച്ചെങ്കിലും ഭാര്യ രോഹിണിയുടെ പെട്ടെന്നുള്ള മരണം മൂലം അത് പാതിവഴിയിൽ നിലച്ചു. ഈ വർഷം ശക്തമായ കാറ്റിലും മഴയിലും തെങ്ങു വീണ് നാരായണന്റെ ഓല ഷെഡ് തകർന്നതോടെയാണ് പഞ്ചായത്തംഗം എൻ. വിൻസെന്റിന്റെ മുൻകൈയിൽ വീട് നിർമാണം പുനരാരംഭിച്ചത്.
ഭാര്യയുടെ ഓർമ്മയ്ക്കായി രോഹിണി നിലയം എന്നാണ് പുതിയ വീടിന് പേര് നൽകിയിരിക്കുന്നത്. പനത്തടി പഞ്ചായത്തിൽ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഏഴു കുടുംബങ്ങളുടെ കൂടി വീട് നിർമാണം നടന്നുവരികയാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.