കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കുരുക്കായി ഒരു കേബിൾ
1592000
Tuesday, September 16, 2025 1:54 AM IST
കാഞ്ഞങ്ങാട്: സർവീസ് റോഡിന്റെ ഉള്ളിൽ നിന്ന് നടപ്പാതയ്ക്ക് കുറുകേ ഒന്നര മീറ്ററോളം നീളത്തിൽ വലിച്ചുവച്ചിരിക്കുന്ന ഒരു കേബിൾ. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനു സമീപം ചിത്താരി ഭാഗത്തുനിന്നുള്ള റോഡ് വന്നുചേരുന്ന ഭാഗത്തെ പച്ചക്കറിക്കടകൾക്കു സമീപത്തായാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കുരുക്കായി കേബിൾ വലിച്ചുവച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം പാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന വിദ്യാർഥിനി ഈ കേബിളിൽ കാൽ കുരുങ്ങി മറിഞ്ഞുവീണിരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് കോൺക്രീറ്റിൽ തലയടിച്ചു വീഴാതിരുന്നത്. കൈകാലുകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനു മുമ്പും ചെറുതും വലുതുമായ അപകടങ്ങളുണ്ടായിട്ടുണ്ട്.
വർഷങ്ങൾക്കു മുമ്പ് നഗരത്തിൽ ഭൂഗർഭ വൈദ്യുതലൈൻ സ്ഥാപിക്കുന്നതിനായി നടപ്പാക്കിയ പാഴായിപ്പോയ പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിൽ സ്ഥാപിച്ച കേബിളുകളിലൊന്നിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന. തൊട്ടടുത്തുള്ള വൈദ്യുത തൂണിലേക്ക് കണക്ഷൻ കൊടുക്കുന്നതിനായി നീട്ടിവച്ചിരുന്നതാണ്.
ഭൂഗർഭ വൈദ്യുതലൈൻ പദ്ധതി ഇനി നടപ്പാക്കാനാവില്ലെന്നു വന്നതോടെ ഈ ഭൂഗർഭ കേബിളുകൾ ഉപയോഗിച്ച് ചിത്താരി ഫീഡറിലേക്ക് പുതിയ ലൈൻ സ്ഥാപിക്കാൻ നീക്കം നടന്നിരുന്നു. അതും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പക്ഷേ മാസങ്ങളോളമായി സർവീസ് റോഡിനും നടപ്പാതയ്ക്കും കുറുകേ അപകടകരമായ വിധത്തിൽ കേബിൾ വലിച്ചുവച്ചിരിക്കുന്നത് ഇതുവരെയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല.