തായന്നൂര്‍-പരപ്പ റൂട്ടില്‍ ബസിന് ആവശ്യം
1592539
Thursday, September 18, 2025 1:51 AM IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി-മുണ്ടോട്ട്തായന്നൂര്-പരപ്പ റൂട്ടില്‍ ബസ് സര്‍വീസ് വേണമെന്ന ആവശ്യം ശക്തം. സ്വകാര്യ വ്യക്തികള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചാലും സര്‍വീസ് നടത്താനുള്ള സമയം നിശ്ചയിച്ച് നല്കാന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്നാണ് ആക്ഷേപം.
മറ്റു ബസുടമകളുടെ സംഘടിതമായ എതിര്‍പ്പാണ് തടസമാകുന്നത്. ആനക്കുഴി ഭാഗത്തെ യാത്രക്കാര്‍ ഏഴാംമൈല്‍ വഴി കാഞ്ഞങ്ങാടേക്ക് 35 രൂപ യാത്രാ നിരക്ക് നല്കുമ്പോള് മടിക്കൈ വഴി 23 മതിയാകും. തായന്നൂര്‍, എണ്ണപ്പാറയില്‍ നിന്നും എട്ടു രൂപ കുറവാണ്. ഇതോടെ യാത്രക്കാര്‍ നഷ്ടമാകുമെന്ന ചിന്തയാണ് സംഘടിതമായ എതിര്‍പ്പിന് കാരണം. ഏഴാംമൈല്‍ വഴിയുള്ള ടിക്കറ്റ് നിരക്ക് അഞ്ചു രൂപ കുറച്ച ആര്‍ടിഎ ഉത്തരവ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് അപ്പലേറ്റ് അതോറിറ്റി ട്രിബ്യൂണലിനെ സമീപിച്ച് ഉടമകള്‍ സ്റ്റേ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സഞ്ചരിക്കാനുള്ള ബസ് സൗകര്യവും ഇല്ലാതെയാക്കുന്നത്.
ഈ റൂട്ടില്‍ ബസ് വന്നാല്‍ എണ്ണപ്പാറയില്‍ നിന്ന് പരപ്പ ഭാഗത്തേക്ക് നേരിട്ട് യാത്ര ചെയ്യാനാകും. കാലിച്ചാനടുക്കം-പരപ്പ റൂട്ടിലും പകല്‍ നേരം മണിക്കൂറുകളോളം ബസ് ഓടാത്ത സമയവുമുണ്ട്.
2024 മുതല്‍ ഈ റൂട്ടില്‍ കൊന്നക്കാട് വരെ രാവിലെയും വൈകുന്നേരവും സ്വകാര്യബസ് ഓടുന്നുണ്ട്. നല്ല തിരക്കുണ്ടെങ്കിലും പകല്‍ നേരത്തും ബസ് ഓടണമെന്നാണ് ആവശ്യം. മലയോരത്തുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയിലേക്കും നേരിട്ടെത്താം. കെഎസ്ആര്‍ടിസിക്ക് ഇതുപോലുള്ള നൂലാമാലകള്‍ ഇല്ലാത്തതിനാല്‍ സ്വന്തമായി സമയം നിശ്ചയിച്ച് ഓടാനുമാകും. ചെമ്മട്ടംവയലിലെ ഡിപ്പോയില്‍ നിന്ന് ഈ റൂട്ടില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ സര്‍വീസ് തുടങ്ങണമെന്നാണ് ആവശ്യം.