വനവത്കരണത്തിന് കേന്ദ്രപദ്ധതി
1592537
Thursday, September 18, 2025 1:51 AM IST
ചെറുവത്തൂർ: നിരന്തരം മണ്ണിടിഞ്ഞുവീണ് ദേശീയപാതയ്ക്ക് സുരക്ഷാഭീഷണിയായി മാറിയ ചെറുവത്തൂർ വീരമലക്കുന്നിൽ സമ്പൂർണ വനവത്കരണം നടപ്പാക്കാൻ കേന്ദ്രപദ്ധതി വരുന്നു. കേന്ദ്രസർക്കാരിന്റെ നഗര-വന യോജനയിലുൾപ്പെടുത്തി സംസ്ഥാന വനം വികസന ഏജൻസി മുഖേനയാണ് പദ്ധതി നടപ്പാക്കുക.
വീരമലക്കുന്ന് ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ നഗരവനങ്ങളും രണ്ടിടങ്ങളിൽ നഗരവാടികകളും നിർമിക്കാനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. 3.11 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിന്റെ ആദ്യഗഡുവായി 2.42 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നഗരമേഖലകളോടു ചേർന്ന് 10 ഹെക്ടറോ അതിനു മുകളിലോ സ്ഥലം ലഭ്യമായ ഇടങ്ങളിൽ നഗരവനങ്ങളും 10 ഹെക്ടറിൽ താഴെ സ്ഥലം ലഭ്യമായ ഇടങ്ങളിൽ നഗരവാടികകളും സ്ഥാപിക്കാനാണ് പദ്ധതി. കണ്ണൂരിലെ ചാൽബീച്ച്, വയനാട്ടിലെ അമ്പുകുത്തി, മലപ്പുറം നിലമ്പൂരിലെ ചന്തക്കുന്ന്, എറണാകുളത്തെ ഭൂതത്താൻകെട്ട് എന്നിവയാണ് നഗരവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥലങ്ങൾ. കാസർഗോഡ് വിദ്യാനഗർ, കോഴിക്കോട് മാത്തോട്ടം എന്നിവിടങ്ങളിലാണ് നഗരവാടികകൾ വികസിപ്പിക്കുക.
വീരമലക്കുന്നിൽ 13.4 ഹെക്ടർ സ്ഥലമാണ് വനംവകുപ്പിന്റെ പക്കലുള്ളത്. നിലവിൽ ഇവിടെ അക്കേഷ്യ മാത്രമാണ് കാര്യമായി ഉള്ളത്.
മണ്ണിടിച്ചിൽ പരിഹരിക്കാൻ കുന്നിൻപ്രദേശം തട്ടുകളായി തിരിക്കുന്നതിനായി ഈ സ്ഥലത്തിന്റെ ഒരുഭാഗം ദേശീയപാത അഥോറിറ്റി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. ബാക്കി സ്ഥലത്താണ് നഗരവനം വികസിപ്പിക്കുക.
ഈ സ്ഥലത്ത് ഫലവൃക്ഷങ്ങളുൾപ്പെടെ വിവിധയിനം മരങ്ങളും ചെറുസസ്യങ്ങളും ഔഷധച്ചെടികളുമെല്ലാം നട്ടുവളർത്തും. ജൈവവൈവിധ്യ പാർക്ക്, നക്ഷത്രവനം, പൂമ്പാറ്റ സംരക്ഷണകേന്ദ്രം, ജലാശയം, സ്മൃതിവനം എന്നിവയും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. വിദ്യാനഗറിൽ വനംവകുപ്പിന്റെ കൈവശമുള്ള രണ്ട് ഹെക്ടർ സ്ഥലമാണ് നഗരവാടികയ്ക്കായി മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്നത്.