കശുവണ്ടിക്ക് 180 രൂപ തറവില നിശ്ചയിക്കണം: കര്‍ഷക കോണ്‍ഗ്രസ്
1263906
Wednesday, February 1, 2023 12:48 AM IST
കാസര്‍ഗോഡ്: കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രാജു കട്ടക്കയമാണ് ജില്ലാ പ്രസിഡന്റ്. 10 വൈസ് പ്രസിഡന്റുമാരും 26 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ള കമ്മിറ്റിയെയാണ് സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി. വിജയന് പുനഃസംഘടിപ്പിച്ചത്.
കശുവണ്ടിയുടെ വിളവെടുപ്പ് നടക്കുന്ന ഈ സമയത്ത് കശുവണ്ടിക്ക് ഇന്നു വിപണിയില്‍ ലഭിക്കുന്ന വില 80 രൂപയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ആ വില കര്‍ഷകന്റെ കൂലിക്ക് പോലും തികയാത്ത സാഹചര്യത്തില്‍ 180 രൂപ തറവില നിശ്ചയിച്ച് സഹകരണ സംഘങ്ങള്‍ വഴി കശുവണ്ടി സമാഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു നടപടി ഉണ്ടാകണം.
നാളികേരത്തിന്റെ വിലയിടിവില്‍ കൃഷിക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്. കേരകര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണ്. കേരകര്‍ഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി തേങ്ങയ്ക്ക് 50 രൂപ തറവില നിശ്ചയിച്ച് തേങ്ങ സംഭരിക്കണമെന്ന് രാജു കട്ടക്കയം ആവശ്യപ്പെട്ടു.