വാനരന്മാര്ക്ക് ഒരു തട്ടുകട
1265642
Tuesday, February 7, 2023 12:55 AM IST
വലിയപറമ്പ്: കുരങ്ങുകള്‍ക്ക് ഭക്ഷണം വിളമ്പാന്‍ തട്ടുകട ഒരുക്കി വലിയപറമ്പ് ഇടയിലെക്കാട് ശ്രീ നാഗാലയം കമ്മിറ്റി. പഴങ്ങളും കുടിവെള്ളവും കഴിക്കുന്നതിനൊപ്പം കുസൃതി കാട്ടാന്‍ ഏണിപ്പടിയും തട്ടു കടക്കുണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ തക്കാളി, വാഴപ്പഴം, തണ്ണിമത്തന്, പൈനാപ്പിള്‍ എന്നിവ വാനരര്‍ക്ക് നല്കുന്ന രീതിയിലേക്ക് അടുത്ത കാലത്താണ് മാറിയത്.
കുറച്ചു വര്‍ഷങ്ങളായി നാഗാലയത്തിലോ കാവിന്റെ കിഴക്ക്, വടക്ക് ഭാഗങ്ങളിലോ കുരങ്ങുകള്‍ കഴിക്കുന്ന പഴങ്ങളൊന്നും കിട്ടാതായതോടെയാണ് ശ്രീനാഗാലയം കമ്മിറ്റി ഭാരവാഹികളും പ്രദേശത്തെ വിവിധ സംഘടനകളും മുന്‍കൈയെടുത്ത് കുരങ്ങുകള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്നത്. ഭക്ഷണം തേടി പ്രധാന റോഡിലേക്കിറങ്ങുന്ന നിരവധി കുരങ്ങുകള്‍ വാഹനമിടിച്ച് പരിക്കേല്‍ക്കുകയും ചിലവ മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇടയിലെക്കാട് ശ്രീ നാഗാലയം കമ്മിറ്റി നേതൃത്വത്തില്കുരങ്ങുകള്ക്ക് ആകര്‍ഷകമായ തട്ടുകട നിര്‍മിച്ച് സ്ഥാപിച്ചത്. പ്രധാന പ്രവേശന കവാടത്തോട് ചേര്‍ന്ന് ഇരുമ്പ് ട്യൂബുകള്‍ ഉപയോഗിച്ച് നിര്‍മിച്ച തട്ടുകടയില്‍ ആദ്യദിനം പഴക്കുല തൂക്കിയതു കണ്ടതോടെ വാനരപ്പട ഓടിയെത്തി.
തട്ടുകടയുടെ മധ്യഭാഗത്ത് തണ്ണിമത്തതും തക്കാളിയും നിരത്തിയിരുന്നു. ബേസിനില്‍ കുടിവെള്ളവും നിറച്ചു. ഇരുമ്പ് ട്യൂബില്‍ ചാടിക്കളിച്ചും കയറിയും ഇറങ്ങിയും പഴക്കുലയില്‍ നിന്നും പഴങ്ങള്‍ ഇറുത്തെടുത്തും സന്തോഷവും കുസൃതിത്തരവും കാട്ടി സഞ്ചാരികളോട് കൂട്ടുകൂടി. പഴങ്ങള്‍ കിട്ടാതെ റോഡില്‍ അലയുന്നത് ഒഴിവാക്കാനാണ് കുരങ്ങുകള്‍ക്കായി തട്ടുകട സ്ഥാപിച്ചതെന്ന് ശ്രീ നാഗാലായം കമ്മിറ്റി പ്രസിഡന്റ് പി.പി.ദാമോദരന്‍ പറഞ്ഞു.
കമ്മിറ്റി ഭാരവാഹികളായ എ.കെ.മധു, വി.ഭരതന്, കെ.രവീന്ദ്രന്, വി.ബാലകൃഷ്ണന്, എം.ലക്ഷ്മണന്, പി.കുഞ്ഞികൃഷ്ണന് എന്നിവരാണ് വാനരര്‍ക്ക് ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നല്‍കുന്നത്.