മഴക്കുഴി നിര്‍മാണത്തില്‍ മാതൃകയായി മാലോത്ത് കസബ സ്കൂള്‍
1300293
Monday, June 5, 2023 12:45 AM IST
മാലോം: വനം വകുപ്പ് സാമൂഹ്യവനവത്കരണ വിഭാഗം മാലോത്ത് കസബ ജിഎച്ച്എസ്എസ് എസ്പിസി യൂണിറ്റും സംയുക്തമായി സ്കൂളില്‍ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ സംഘടിപ്പിച്ചു.
കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന സ്കൂളിന്റെ സമീപപ്രദേശത്തെ വീടുകളില്‍ എസ്പിസി കാഡറ്റുകള്‍ മഴക്കുഴികള്‍ നിര്‍മിച്ചു നല്കി.
എല്ലാ എസ്പിസി കാഡറ്റുകളും അവരവരുടെ വീടുകളില്‍ മഴക്കുഴികള്‍ നിര്‍മിച്ചതിനുശേഷമാണ് സ്കൂളിന്റെ സമീപത്തെ വീടുകളിലും മഴക്കുഴികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍ ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി.
മഴവെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ അറിയിക്കാനായി സന്ദേശയാത്ര സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സനോജ് മാത്യു ഫ്ളാഗ് ഓഫ് ചെയ്ത സന്ദേശ യാത്രയില്‍ കേഡറ്റുകള്‍ മഴവെള്ള കൊയ്ത്തിനെ സംബന്ധിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. മുഖ്യാധ്യാപകന്‍ (ഇന്‍ ചാര്‍ജ്) എം.കെ.പ്രസാദ്, സ്റ്റാഫ് സെക്രട്ടറി വി.എൻ.പ്രശാന്ത്, എസ്പിസി ചുമതലയുള്ള പി.ജി.ജോജിത, വൈ.എസ്.സുഭാഷ്, അധ്യാപകനായ ജോബി ജോസ് എന്നിവര്‍ നേതൃത്വം നല്കി.