പയ്യന്നൂരില്‍ നിരോധിത പുകയില ഉത്പന്ന വേട്ട; മൊത്ത വിതരണക്കാരന് പിടിയില്‍
1335242
Wednesday, September 13, 2023 12:52 AM IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട. പിടിയിലായത് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയിലെ മൊത്ത വിതരണക്കാരന്. കാസര്‍ഗോഡ് നെല്ലിക്കുന്ന് സ്വദേശി എന്‍.എ. ഉമര്‍ അല്‍ ഫാറൂഖാണ് പിടിയിലായത്. 15000ത്തോളം പായ്ക്കറ്റും 40 ടിന്നുകളും കയറ്റിക്കൊണ്ടുവന്ന വാഹനവുമാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി പത്തോടെ കരിവെള്ളൂര്‍ ആണൂരില്നിന്നും പരിയാരം എസ്ഐ ബി.വി. പവിത്രന്റെ നേതൃത്വത്തിലുള്ള ഹൈവേ പോലീസിന്റെ വാഹന പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, കൂള്‍ലിപ്, മിറാസ് തുടങ്ങിയ 15000ത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും 50 ഗ്രാം വീതമുള്ള 40 ടിന്നുകളിലായുള്ള ഉത്പന്നങ്ങളുമാണ് ഇയാളില്‍നിന്നും പിടികൂടിയത്.
ഓട്ടോറിക്ഷയില്‍ കയറ്റിയ ഏഴു ചാക്കുകളിലായി നിറച്ച പുകയില ഉത്പന്നങ്ങള്‍ പോലീസിന്റെ പരിശോധനയിലാണു കണ്ടെത്തിയത്. മംഗളൂരുവിൽനിന്നും കാസര്‍ഗോട്ടെ രഹസ്യകേന്ദ്രത്തിലെത്തിച്ച ഇവ അവിടെനിന്നും ഓര്‍ഡർ അനുസരിച്ച് വിതരണം ചെയ്യാനായി ചാക്കുകളിലാക്കി കണ്ണൂര്‍ ഭാഗത്തേക്കു കൊണ്ടുവരുന്നതിനിടയിലാണ് ഇയാളെ പിടികൂടാനായത്. സീനിയര്‍ സിപിഒ സിറാജ്, ഡ്രൈവര്‍ നിഥിന് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പയ്യന്നൂര്‍ പോലീസിനു കൈമാറിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.