കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയാരോഗ്യ ദൗത്യവും ജില്ലാ മാനസികാരോഗ്യ പരിപാടിയും സംയുക്തമായി ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ലോക ആൽസ്ഹൈമേഴ്സ് ദിനാചരണം ജില്ലാ തല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.
ജൂണിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേസില്‍ വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ.സണ്ണി മാത്യു വിഷയാവതരണം നടത്തി.
ജില്ലയിലെ മിഡ് ലെവല്‍ സര്‍വിസ് പ്രൊവൈഡര്മാര്ക്കായുള്ള ഏകദിന പരിശീലനത്തില്‍ വിവിധ വിഷയങ്ങളിലായി കാഞ്ഞങ്ങാട് ജില്ലാശുപത്രി ന്യൂറോളജിസ്റ്റ് ഡോ.മീനാകുമാരി, മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറും സൈക്യാട്രിയില്‍ എംഡിയുമായ ഡോ.വി. ശ്രുതി, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ ക്ലാസെടുത്തു.
തലച്ചോറില്‍ ഓര്‍മകള്‍ സൂക്ഷിക്കുന്ന കോശങ്ങള്‍ പലവിധ കാരണങ്ങളാല്‍ നശിച്ചു പോകുമ്പോഴാണ് ഡിമന്‍ഷ്യ ഉണ്ടാകുന്നത് പ്രായാധിക്യം, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം, തലോച്ചോറിനു ഏല്ക്കുന്ന ക്ഷതങ്ങള്‍, സ്ട്രോക്ക്, വിറ്റാമിൻ ബി12, തയമിന്‍ തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകള്‍, തലച്ചോറിലെ മുഴകള്‍ എന്നിവയെല്ലാം ഡിമന്‍ഷ്യയുടെ കാരണങ്ങളാണ്. ഡിമേന്‍ഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായരൂപമാണ് ആൽസ്ഹൈമേഴ്സ്.
രോഗത്തെ പ്രതിരോധിക്കുന്നതിനായി ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, നല്ല ഭക്ഷണക്രമം പ്രത്യേകിച്ചും തലച്ചോറിന്റെ ആരോഗ്യം വര്ധിപ്പിക്കുന്നതിനനിവാര്യമായ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ സമൃദ്ധമായ ഭക്ഷണക്രമം, സമ്മര്‍ദ്ദം നിയന്ത്രിക്കല്‍, ശരിയായ രീതിയിലുള്ള ഉറക്കം എന്നിവ
ജീവിതചര്യയുടെ ഭാഗമാക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട ചില
അടയാളങ്ങള്‍
n സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം. കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്.
n ആശയവിനിമയം നടത്തുന്നതിലും പരിചിതമായ ജോലികള്‍ ചെയുന്നതിനുമുള്ള ബുദ്ധിമുട്ട്. ദിനചര്യകള്‍ ക്രമം തെറ്റി ചെയ്യുക.
n മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങള്‍.
n സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് ഏകാന്തമായി ഇരിക്കാന്‍ ഇഷ്ടപ്പെടുക.
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ
ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലോ ബന്ധപ്പെടാം.