സൗജന്യ കുടിവെള്ള പരിശോധന; സൗകര്യമൊരുക്കി മേക്കാട്ട് ഗവ. വിഎച്ച്എസ്എസ്
1461276
Tuesday, October 15, 2024 6:47 AM IST
നീലേശ്വരം: തികച്ചും സൗജന്യമായി കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് മടിക്കൈ മേക്കാട്ട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജലമലിനീകരണം കുറയ്ക്കാനുമായി ഹരിതകേരളം മിഷൻ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ജല ഗുണനിലവാര ലാബ് സ്ഥാപിച്ചത്. മടിക്കൈ പഞ്ചായത്തിലുള്ളവർക്കു മാത്രമല്ല, ആർക്കു വേണമെങ്കിലും തങ്ങളുടെ പക്കലുള്ള കുടിവെള്ളത്തിന്റെ സാമ്പിളുമായി ഇവിടെയെത്തി അതിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയാം. 100 മില്ലിലിറ്റർ വെള്ളമാണ് പരിശോധനയ്ക്ക് കൊണ്ടുവരേണ്ടത്.
കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം, ആസിഡിറ്റി, നിറം, മണം എന്നിവയടക്കം ഒൻപത് തരം പരിശോധനകൾ നടത്തും. ഗുണനിലവാരം കുറവാണെങ്കിൽ പ്രതിവിധികളും നിർദേശിക്കും.
വീടുകളിൽ നിന്നും ഹോട്ടലുകൾ, തട്ടുകടകൾ, ജ്യൂസ് കടകൾ, കാറ്ററിംഗ് ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നും ഇവിടെ വെള്ളം പരിശോധനയ്ക്കായി എത്തിക്കുന്നുണ്ട്.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്ക് ജലപരിശോധന നടത്താനുള്ള പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. മാർഗനിർദേശങ്ങൾ നൽകാൻ രസതന്ത്ര വിഭാഗത്തിലെ അധ്യാപിക ഡോ. അമ്പിളി തോമസും ഒപ്പമുണ്ട്. പ്രിൻസിപ്പൽ പ്രീതി ശ്രീധർ, പിടിഎ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ എന്നിവരും ലാബിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്. അവധി ദിവസങ്ങളിലും ലാബിന്റെ പ്രവർത്തനം സജീവമാണ്.