ഹർഡിൽസിൽ കായികതാരങ്ങൾ മത്സരിക്കുന്നത് ഒറ്റയ്ക്ക്
1461277
Tuesday, October 15, 2024 6:47 AM IST
തൃക്കരിപ്പൂർ: സ്കൂൾ കായികമേള ഒളിമ്പിക് മേളയാവുമ്പോഴും ഹർഡിൽ മത്സരങ്ങൾ ഇപ്പോഴും പഴഞ്ചൻ രീതിയിൽ തന്നെ. ഉപജില്ലാ തല മത്സരങ്ങളുടെ പ്രാഥമിക ഘട്ടത്തിൽ കായിക താരങ്ങൾ മത്സരിക്കുന്നത് ഒറ്റക്ക്. കായിക മേളകളിൽ അത്ലറ്റിക്സ് വിഭാഗത്തിൽ ആകർഷകമായ ഹർഡിൽസ് മത്സരത്തിൽ കളിക്കാരുണ്ടാകാറുണ്ടെങ്കിലും വിലയേറിയ ഹർഡിലുകൾ വാങ്ങാൻ പല സ്കൂളുകൾക്കും കഴിയില്ല എന്നതിനാൽ പരിശീലിക്കുന്നതും ഒന്നോ രണ്ടോ ഹർഡിലുകൾ വച്ചാണ്.
സംസ്ഥാനതലത്തിൽ കടുത്ത മത്സരം നടക്കാറുള്ള ഹർഡിൽസിൽ ഉപജില്ലാ തലത്തിലാണ് കുട്ടികൾ തങ്ങളോട് തന്നെ മത്സരിക്കേണ്ട ഗതികേടിലായത്. വർഷങ്ങളായി ഈ രീതിയിലാണ് പല ഉപജില്ലാ തല മേളയിലും ഹർഡിൽ മത്സരങ്ങൾ നടത്തി വരുന്നത്. സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ നടക്കുന്ന മത്സരങ്ങളിൽ പല ഉപജില്ലകളിലും 30 മുതൽ 40 വരെ കളിക്കാർ പങ്കെടുക്കുന്നുമുണ്ട്.
എന്നാൽ സാമ്പത്തിക ബാധ്യത ഉള്ളതിനാൽ പല കായിക മേളകളിലും ഒഫീഷ്യലുകൾ മൂന്ന് സ്റ്റോപ്പ് വാച്ചുകളുപയോഗിച്ച് മികച്ച സമയം കുറിക്കുന്ന അത്ലറ്റുകളെ റവന്യു ജില്ലാ കായിക മേളയിലേക്ക് തിരഞ്ഞെടുത്ത് വിടുകയാണ് ചെയ്യുന്നത്. ഹർഡിലുകൾക്ക് മുകളിലൂടെ മത്സരിച്ചു കുതിക്കുന്ന അത്ലറ്റുകളെ ഒരുമിച്ചു കാണാൻ ഒളിമ്പിക്സ് മാതൃകാ പ്രഥമ കായികമേളയിലും കഴിഞ്ഞില്ല.
ഹർഡിൽ മത്സരങ്ങൾ എട്ട് ഹർഡിലുകൾ വച്ച് ഓരോ കുട്ടികളെ മത്സരിപ്പിക്കുകയായിരുന്നു. ഉപജില്ലാ കായികമേളകളിൽ ഹർഡിൽ മത്സരങ്ങൾ നടത്താൻ ഏഴ് അഥവാ എട്ട് ട്രാക്കുകൾ ഒരുക്കി എട്ട് വീതം ഹർഡിലുകൾ വെക്കണം. ഏതാണ്ട് 1500 രൂപ വില വരുന്നതാണ് ഒരു ഹർഡിൽ. അതുകൊണ്ട് തന്നെ ഈ ഇനത്തിൽ തൃക്കരിപ്പൂരിൽ നടന്ന ചെറുവത്തൂർ ഉപജില്ലാ കായികമേളയിലും എല്ലാ വിഭാഗങ്ങളിലെയും ഹർഡിൽസ് ഓരോ അത്ലറ്റുകൾക്കും ഒറ്റക്കാണ് നടത്തിയത്. അതേസമയം റവന്യു കായിക മേളകളിൽ ഹർഡിൽസ് മത്സരങ്ങൾ എട്ടു ട്രാക്കുകളിലാണ് നടത്തുന്നത്.