ഒറ്റത്തൂണ് മേല്‍പ്പാലത്തില്‍ അനവധി ആശങ്കകള്‍
1546169
Monday, April 28, 2025 2:01 AM IST
കാസര്‍ഗോഡ്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ് ഫ്ലൈ ഓവര്‍ കാസര്‍ഗോഡ് നഗരത്തിലൂടെ പോകുമ്പോള്‍ നഗരം പൂര്‍ണമായും ബൈപാസ് ചെയ്യപ്പെടുമെന്ന് ആശങ്ക. നഗരത്തില്‍ നിന്നു കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ ദേശീയപാതയിലേക്ക് എന്‍ട്രിയും എക്സിറ്റും സാധ്യമാകുകയുള്ളൂ.
അതു നഗരത്തില്‍ കൂടുതല്‍ ഗതാഗത കുരുക്കിന് ഇടയാക്കുമെന്ന് ആശങ്ക. കൂടാതെ നഗരത്തില്‍ വ്യാപാരമേഖലയെ ബാധിക്കുമെന്ന ആശങ്കയും ശക്തമായി. ഇപ്പോള്‍ ഉള്ള എക്സിറ്റും എന്‍ട്രിയും ചിലത് താത്കാലികമാണെന്ന പ്രചാരണമുണ്ട്. ടൂറിസം കേന്ദ്രമായ ബേക്കലിലേക്ക് പോലും പോകുന്നതിന് ശരിയായ ഇടമില്ലെന്ന വാദവും ശക്തമാണ്. ജില്ലയില്‍ ഏറ്റവും അധികം വാഹനഗതാഗതമുള്ള സംസ്ഥാനപാതയും അവഗണിക്കപ്പെടുന്നുവെന്ന നിലയിലാണെന്ന പ്രചാരണവുമുണ്ട്.
ജില്ലയിലെ പ്രധാന നഗരത്തിലെ ജനങ്ങള്‍ക്ക് മാനസികവും സാമ്പത്തികവും സമയപരവുമായ പ്രശ്നങ്ങള്‍ ആണ് ഇതുണ്ടാക്കുന്നതെന്ന് വിവിധ സംഘടനാ നേതാക്കള്‍ പ്രതികരിക്കുന്നു.
പരിഹാരമായി പരിമിതമായ രീതിയിലെങ്കിലും ആവശ്യമെങ്കില്‍ സിഗ്നലുകളുടെ സഹായത്തോടു കൂടിയാണെങ്കില്‍ പോലും മാഹി ബൈപാസ് മാതൃകയില്‍ കാഞ്ഞങ്ങാടു നിന്നുവരുന്ന വാഹനങ്ങള്‍ക്ക് നുള്ളിപ്പാടിയില്‍ സര്‍വീസ് റോഡിന് നിരപ്പായ സ്ഥലത്ത് നിലവിലുള്ള എക്സിറ്റ് നിലനിര്‍ത്തണം.
കൂടാതെ അടുക്കത്ത്ബയലില്‍ എന്‍ട്രിയും. ഇങ്ങനെയായാല്‍ ആവശ്യമെങ്കില്‍ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിച്ച് ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് മംഗളുരു ഭാഗത്തേക്ക് റോഡിലേക്ക് വീണ്ടും എന്‍ട്രി ആകാം.
മംഗളുരു വരുന്ന വാഹനങ്ങള്‍ അടുക്കത്ത്ബയലില്‍ എക്സിറ്റ് നിലനിര്‍ത്തി നുള്ളിപ്പാടിയില്‍ എന്‍ട്രി ആക്കുകയാണെങ്കില്‍ ടൗണില്‍ പ്രവേശിച്ച വാഹനങ്ങള്‍ക്ക് ടൗണില്‍ കയറി വീണ്ടും ദേശീയപാതയില്‍ കൂടി യാത്ര എളുപ്പം തുടരാം.
നഗരം ബൈപാസ് ചെയ്യപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കാസര്‍ഗോഡ് ചെയര്മാന് എ.കെ.ശ്യാംപ്രസാദ് ആവശ്യപ്പെട്ടു. മലബാറില്‍ ദേശീയപാത 66 കടന്നു പോകുന്ന ഏക നഗരമാണ് കാസര്‍ഗോഡ്.
നഗരത്തില്‍കൂടി കടന്നു പോകുന്ന റോഡ് ബൈപാസ് ചെയ്യുന്ന അവസ്ഥ ദയനീയമാണ്. ഇത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടും ആവശ്യമായ മാറ്റങ്ങള്‍ ഉന്നയിച്ചും മുഖ്യമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.