രാജീവ് ചന്ദ്രശേഖറുമായി എയിംസ് കൂട്ടായ്മ കൂടിക്കാഴ്ച നടത്തി
1546954
Wednesday, April 30, 2025 7:25 AM IST
കാസര്‍ഗോഡ്: മതിയായ ചികിത്സാ സൗകര്യമില്ലാത്ത കാസര്‍ഗോഡ് ജില്ലയില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ എയിംസ്, ജിപ്മെര്‍, ഇഎസ്ഐ മെഡിക്കല്‍ കോളജ് പോലുള്ള മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികള്‍ ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ രോഗികള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ ചികിത്സയും റിസര്‍ച്ചും നടത്താന്‍ ഉതകുന്ന മെഡിക്കല്‍ സംവിധാനങ്ങള്‍ ജില്ലയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയില്‍ എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
എയിംസ് കാസര്‍ഗോഡ് ലഭ്യമാക്കുന്നവിയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കൂട്ടായ്മ നല്കിയ ഹർജിയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുഭാവപൂര്‍ണമായ സമീപനമുണ്ടാകണമെന്നും കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറല്‍ സെക്രട്ടറി മുരളീധരന് പടന്നക്കാട്, ട്രഷറര്‍ സലീം സന്ദേശം ചൗക്കി എന്നിവര്‍ അഭ്യര്‍ഥിച്ചു. ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.