കേരളാ യൂത്ത്ഫ്രണ്ട്-എം തീരദേശ സംരക്ഷണ യാത്രയ്ക്ക് നാളെ തുടക്കം
1546970
Wednesday, April 30, 2025 7:57 AM IST
കാസര്‍ഗോഡ്: കടലവകാശം കടലിന്റെ മക്കള്‍ക്ക് നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട്-എം തീരദേശ സംരക്ഷണ യാത്രയ്ക്ക് നാളെ കാസര്‍ഗോട്ട് തുടക്കം. വൈകുന്നേരം നാലിന് കാസര്‍ഗോഡ് ശ്രീകുറുംബാ ഭഗവതീ ക്ഷേത്രത്തിന് സമീപത്തെ ബീച്ചില്‍ നടക്കുന്ന പരിപാടി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
വനാവകാശ നിയമനിര്‍മാണത്തിലൂടെ ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ രാജ്യം സംരക്ഷിച്ചത് പോലെ ബ്ലൂ ഇക്കോണമി പോളിസി മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ കടലവകാശ നിയമം നിര്‍മിക്കണമെന്ന് രാജ്യത്ത് ആദ്യമായി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത് ജോസ് കെ. മാണിയാണെന്നും എത്രയും വേഗം കടലവകാശ നിയമനിര്‍മാണം നടത്തണമെന്നതാണ് തീരദേശ സംരക്ഷണ യാത്രയുടെ പ്രധാന ആവശ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. കടല്‍മണല്‍ ഖനന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുക, സിഎഡിഎഎല് എന്ന സന്നദ്ധ സംഘടന മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും തീരദേശ സംരക്ഷണ യാത്രയില്‍ ഉന്നയിക്കുന്നുണ്ട് .
മന്ത്രി റോഷി അഗസ്റ്റിന്, തോമസ് ചാഴിക്കാടന്, എന്‍. ജയരാജ് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, പ്രമോദ് നാരായണന് എംഎല്‍എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, അലക്സ് കോഴിമല, സാജന് തൊടുക എന്നിവര്‍ വിവിധ ജില്ലകളിലെ സമ്മേളങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് നിന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ 670 കിലോമീറ്റര്‍ ദൂരംസഞ്ചരിച്ച് 50 പോയിന്റുകള്‍ പിന്നിട്ട് മേയ് ഒന്‍പതിന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും. സമാപന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ജില്ലാ സെക്രട്ടറിമാരായ ഷിനോജ് ചാക്കോ, ജില്ലാ സെക്രട്ടറി ബിജു തുളുശേരി, യൂത്ത് ഫ്രണ്ട് സംസ്ഥാന ഐടി കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് മാത്യു എന്നിവര്‍ പങ്കെടുത്തു.