സ്വകാര്യബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 12 പേര്‍ക്ക് പരിക്ക്
1546172
Monday, April 28, 2025 2:01 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്നലെ വൈകുന്നേരം 4.30ഓടെ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
കാസര്‍ഗോട്ടു നിന്ന് മധൂരിലേക്ക് പോകുകയായിരുന്ന സുപ്രീം എന്ന സ്വകാര്യബസും ആലംപാടിയില്‍ നിന്ന് നെല്ലിക്കുന്നിലേക്ക് വിവാഹ പാര്‍ട്ടിയുമായി പോകുകയായിരുന്ന ഹാപ്പി എന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
ഇരുബസുകളും മുഖാമുഖം ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവര്‍ കമലാക്ഷനെ(46) കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഷെരീഫ് (55), മന്നിപ്പാടിയിലെ സ്വപ്ന (45), ആലംപാടിയിലെ മുസ്തഫ (40), പട്ളയിലെ അബ്ബാസ്(66), ടൂറിസ്റ്റ് ബസിലെ മറ്റൊരു ഡ്രൈവര്‍ വിദ്യാനഗറിലെ സഫീര്‍ (40), ആലംപാടിയിലെ അബ്ദുള്‍ റഹ്മാന് (50), മീപ്പുഗുരിയിലെ സുരേഷ് (49), ഉളിയത്തടുക്കയിലെ സരസ്വതി (57) തുടങ്ങിയവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.
ഫയര്‍ ഫോഴ്സെത്തിയാണ് കമലാക്ഷനെ ബസില്‍ നിന്നു പുറത്തെടുത്തത്. കൂട്ടിയിടിയില്‍ കുടുങ്ങിയ ബസുകള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് മാറ്റിയത്.