ദേശീയപാതയില്‍ പുതിയ അടിപ്പാതകള്‍ നിര്‍ദേശിക്കാനാവില്ല: മനുഷ്യാവകാശ കമ്മീഷന്
1547123
Thursday, May 1, 2025 2:07 AM IST
കാസര്‍ഗോഡ്: ജില്ലയിലെ ദേശീയപാതാ 66 ന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തിരക്കിട്ട് പുരോഗമിക്കുന്ന സാഹചര്യത്തില്‍ പുതിയ അടിപ്പാതകള്‍ അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ.ബൈജുനാഥ്.
പുതിയ നിര്‍മാണങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ അതു നിര്‍മാണജോലികളെ തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
മൈലാട്ടി-നന്ദഗോകുല ഭജന മന്ദിര്‍ റോഡ്, പവര്‍ സ്റ്റേഷന്, ഉദുമ പ്രവേശനകവാടം എന്നിവിടങ്ങളില്‍ അടിപ്പാതകള്‍ വേണമെന്ന ആവശ്യമാണ് കമ്മീഷന് തള്ളിയത്. ദേശീയപാതാനിര്‍മാണം കാരണം ജില്ലയിലെ വിവിധ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടതായും ജനജീവിതം തടസപ്പെട്ടതായും പരാതിക്കാരനായ ഉദുമ സ്വദേശി രവീന്ദ്ര സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.
ബംഗളുരു-മൈസുരു എക്സ്പ്രസ് ഹൈവേയില്‍ ഓരോ കിലോമീറ്ററിലും അടിപ്പാതയുണ്ടെന്ന് പരാതിക്കാരന് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ആവശ്യാനുസരണം ഗതാഗത സൗകര്യങ്ങള്‍ പ്രദേശത്ത് നല്‍കിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി കമ്മീഷനെ അറിയിച്ചു.