പടന്നക്കാടിന് മാമ്പഴമധുരം സമ്മാനിച്ച് കടന്നുപോയ സാവൂർ സായിപ്പ്
1547120
Thursday, May 1, 2025 2:07 AM IST
സ്വന്തം ലേഖകൻ
നീലേശ്വരം: തൊടിയിലേയും പാതയോരത്തെയും തേന്മാവുകളിൽ നിന്ന് മധുരമൂറുന്ന മാമ്പഴങ്ങൾ പറിച്ചെടുക്കുമ്പോൾ ആരായിരിക്കാം ഈ മാവ് ഇവിടെ കൊണ്ടുവന്ന് നട്ടതെന്ന് ആലോചിക്കാറുണ്ടോ..? ഒന്നോ രണ്ടോ അതിലധികമോ തലമുറകൾക്കു മുമ്പ് വരുംതലമുറകൾക്കുള്ള സ്നേഹസമ്മാനമായി ഈ മാവുകളെയും പ്ലാവുകളെയുമൊക്കെ ഇവിടെ നട്ടുവളർത്തി സ്വന്തം പേരുപോലും അവശേഷിപ്പിക്കാതെ കടന്നുപോയ നിസ്വാർഥരായ മനുഷ്യരെക്കുറിച്ച്..?
അങ്ങനെയൊരു കാര്യം ചിന്തിക്കുമ്പോൾ പടന്നക്കാട് കാർഷിക കോളജിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് ഓർത്തെടുക്കാൻ ഒരു പേരുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് മദ്രാസ് സർക്കാരിനു കീഴിൽ സൗത്ത് കാനറ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.എം.സാവൂർ. ഒരുകാലത്ത് പടന്നക്കാട്ടെ ഏക്കറുകണക്കിന് ഭൂമി ഇദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. സ്വദേശിയും വിദേശിയുമായ വിവിധയിനം മാവുകളുൾപ്പെടെ ഇവിടെ ഇന്ന് കാണുന്ന ഫലവൃക്ഷങ്ങളിലേറെയും നട്ടുവളർത്തിയത് അദ്ദേഹത്തിന്റെ കാലത്താണ്.
സർവീസിലിരുന്ന കാലത്തും പിന്നീട് വിരമിച്ച് കാലങ്ങളോളവും ട്രൗസറും ബനിയനും തൊപ്പിയും ധരിച്ച് കാർഷികോപകരണങ്ങളും മാവിൻതൈകളും കൈയിലെടുത്ത് ഫാമിലൂടെ നടന്നിരുന്ന സാവൂർ സായിപ്പിന്റെ ചിത്രം പടന്നക്കാട്ടെ പഴയ തലമുറയിൽ അവശേഷിക്കുന്നവർ ഓർത്തെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മിക്കവാറും ഒപ്പമുണ്ടാകാറുണ്ടായിരുന്നു. ഏറ്റവുമധികം മധുരമുള്ള മാമ്പഴ ഇനമായി അറിയപ്പെടുന്ന ഫിറങ്കി ലുഡുവയും അൽഫോൻസയും ബംഗനപ്പള്ളിയുമടക്കമുള്ള മാവുകളും സിംഗപ്പൂർ പ്ലാവ്, ജാഫ്ന മുരിങ്ങ, ഓറഞ്ച് തുടങ്ങിയവയുമെല്ലാം ഇവിടെ നട്ടുപിടിപ്പിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. മാമ്പഴങ്ങളായിരുന്നു അദ്ദേഹത്തിന് ഏറെയിഷ്ടം.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമെല്ലാം അദ്ദേഹം വിവിധയിനം മാവിൻതൈകൾ കൊണ്ടുവന്ന് ഇവിടെ നട്ടു. കാലാവസ്ഥാ പ്രശ്നങ്ങളെ ശാസ്ത്രീയമായ പരിചരണത്തിലൂടെ മറികടന്ന് ഏറെയും വളർത്തിയെടുത്തു.
അങ്ങനെയാണ് ഇപ്പോഴും ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന മാവിൻതോട്ടം പടന്നക്കാടിന് സ്വന്തമായത്. സാവൂർ സായിപ്പ് ജീവിതസായാഹ്നത്തിലെത്തിയപ്പോൾ ഈ മാന്തോപ്പും മറ്റു ഫലവൃക്ഷങ്ങളടങ്ങിയ തോട്ടവും അദ്ദേഹം ഉത്തരമേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിന് കൈമാറുകയായിരുന്നു. പിന്നീട് ഇവ കേരള കാർഷിക സർവകലാശാലയ്ക്കുകീഴിലായി. ഇവിടെയാണ് ഇന്നത്തെ കാർഷിക കോളജും തോട്ടവും നിൽക്കുന്നത്.
ആംഗ്ലോ ഇന്ത്യൻപ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്ന സാവൂർ സായിപ്പ് ഒരിക്കലും ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ചിരുന്നില്ല. 1972 ൽ ഇവിടെവച്ചു തന്നെയാണ് സാവൂർ അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സംസ്കരിച്ചതും ഈ മാന്തോപ്പിനു നടുവിലാണ്.
അതിനുമുമ്പ് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിശാലമായ ഭൂമിയുടെ ഒരു ഭാഗം അദ്ദേഹം സാധാരണക്കാർക്ക് സൗജന്യമായി പതിച്ചുനല്കിയിരുന്നു. പടന്നക്കാട് നെഹ്റു കോളജ് തുടങ്ങുന്ന സമയത്ത് അതിനായി ഏക്കറിന് 75 രൂപ നിരക്കിൽ ഭൂമി കൈമാറി. അവശേഷിച്ച സ്ഥലമത്രയും കാർഷിക ഗവേഷണകേന്ദ്രത്തിനും നല്കി.
ഇന്നത്തെ ശാസ്ത്രീയ കാർഷിക ഫാമുകളോട് കിടപിടിക്കാവുന്ന ഫാമാണ് ആർ.എം.സാവൂർ ജീവിച്ചിരുന്ന കാലത്ത് ഇവിടെയുണ്ടായിരുന്നത്. സ്വദേശിയും വിദേശിയുമായ ഇനങ്ങളിൽപ്പെട്ട പശുക്കളെയും അദ്ദേഹം വളർത്തിയിരുന്നു.
നൂറോളം തൊഴിലാളികളും ഇവിടെ ജോലിചെയ്തിരുന്നു. ജപ്പാൻ മാതൃകയിലും മറ്റുമുള്ള ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ച് പഠിക്കാൻ കൃഷിവകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥർ വരെ ഇവിടെയെത്തിയിരുന്നു.
പടന്നക്കാട്ടെത്തുന്നതിനു മുമ്പ് പാലക്കാട് വ.വിക്ടോറിയ കോളജ് പ്രിൻസിപ്പലായും ആർ.എം.സാവൂർ പ്രവർത്തിച്ചിരുന്നു. അവസാനകാലത്ത് ഫാം കാർഷിക ഗവേഷണകേന്ദ്രത്തിന് വിട്ടുനല്കിയ ശേഷവും കൈയിലൊരു വാക്കിംഗ് സ്റ്റിക്കുമായി മാന്തോപ്പിലൂടെ നടന്നുനീങ്ങിയിരുന്ന സാവൂറിനെ പലരും ഇന്നും ഓർക്കുന്നുണ്ട്.
പക്ഷേ പുതുതലമുറയ്ക്ക് സാവൂരിനെ ഓർത്തെടുക്കാൻ കാർഷിക സർവകലാശാല കാര്യമായൊന്നും ചെയ്തിട്ടില്ല. സാവൂരിനെ സംസ്കരിച്ച സ്ഥലത്ത് നേരത്തേ ഒരു ശിലാഫലകമുണ്ടായിരുന്നു. പിന്നീട് സർവകലാശാല അധികൃതർ കാടുവെട്ടിത്തെളിച്ചപ്പോൾ അതും ഇളകിപ്പോയി. ഇവിടെ ഇപ്പോൾ വിദ്യാർഥികളുടെ പ്രാജക്ടിന്റെ ഭാഗമായി പപ്പായത്തൈകൾ നട്ടുപിടിപ്പിച്ച നിലയിലാണ്.
ആർ.എം.സാവൂരിന്റെ അനന്തര തലമുറകളും ഇന്ത്യൻ പൗരത്വം നേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്നുണ്ട്. 2002 ൽ പരം വിശിഷ്ട് സേവാ മെഡൽ നേടിയ വ്യോമസേനയിലെ റിട്ട. എയർ മാർഷൽ ശരത് യശ്വന്ത് സാവൂർ ആർ.എം.സാവൂരിന്റെ പേരക്കുട്ടിയാണ്. സാവൂരിന്റെ ശവകുടീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏതാനും നാളുകൾക്കുമുമ്പ് അദ്ദേഹം കാർഷിക കോളജ് അധികൃതരെ സമീപിച്ചിരുന്നു.
പടന്നക്കാടിന് മാമ്പഴക്കാലം സമ്മാനിച്ച മനുഷ്യനെ എന്നും ഓർത്തെടുക്കാവുന്ന വിധത്തിലുള്ള സ്മാരകം ഇവിടെ നിർമിക്കണമെന്നാണ് നാട്ടുകാരുടെയും ആഗ്രഹം. ഇതിനായുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് കാർഷിക കോളജ് ഡീൻ ഡോ.ടി.സജിതാറാണി പറഞ്ഞു.