വൈശാഖ നടനം ദേശീയ നൃത്തോത്സവത്തിന് നാളെ തുടക്കമാകും
1546947
Wednesday, April 30, 2025 7:25 AM IST
പെരിയ: ഗോകുലം ഗോശാലയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് വൈശാഖനടനം നൃത്തോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ ഒന്പതിന് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. സിദ്ദു പി. അൽഗൂർ ഉദ്ഘാടനം ചെയ്യും. നാളെ മുതൽ 11 വരെ തീയതികളിൽ രാവിലെ ഒന്പത് മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന നൃത്തപരിപാടികളിൽ ആയിരത്തിലേറെ കലാകാരന്മാർ അണിനിരക്കും.
നവ്യാ നായർ, രചന നാരായണൻകുട്ടി, മഹതി കണ്ണൻ, നിരുപമ-രാജേന്ദ്രൻ ദമ്പതികൾ, സ്വാമിമലൈ കെ.എസ്. സുരേഷ്, പാർശ്വനാഥ് ഉപാധ്യായ, ആനന്ദ് സച്ചിദാനന്ദൻ മുംബൈ, സുജാത നായർ മുംബൈ എന്നിവർ വിവിധ ദിവസങ്ങളിൽ നൃത്തപരിപാടി അവതരിപ്പിക്കും.
ഭരതനാട്യം, ഭരതനൃത്യം, മോഹിനിയാട്ടം, കുച്ചുപ്പുഡി, കേരള നടനം, കഥക് എന്നീ നൃത്തരൂപങ്ങളും കേരളത്തിന്റെ കൈകൊട്ടിക്കളിയും വേദിയിൽ അവതരിപ്പിക്കും. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നും സിങ്കപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ നിന്നുമുള്ള കലാകാരന്മാർ നൃത്തോത്സവത്തിൽ പങ്കെടുക്കുമെന്ന് ഗോശാലയുടെ മുഖ്യസംഘാടകരായ വിഷ്ണുപ്രസാദ് ഹെബ്ബാറും ഭാര്യ ഡോ. നാഗരത്നയും അറിയിച്ചു.