പടന്നക്കാട് മാംഗോ ഫെസ്റ്റ് ഒന്നു മുതല്‍
1546174
Monday, April 28, 2025 2:01 AM IST
നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജ് വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തിലുള്ള പതിനെട്ടാമത് മാംഗോ ഫെസ്റ്റ് മേയ് ഒന്നു മുതല്‍ നാലു വരെ നടക്കും. ഇത്തവണ എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ച് മാമ്പഴമാകട്ടെ ലഹരി എന്ന സന്ദേശവുമായാണ് മാംഗോ ഫെസ്റ്റ് നടത്തുക.
കാര്‍ഷിക കോളജിലെ മാവിന് തോട്ടങ്ങളില്‍ നിന്നും വിളവെടുത്ത മാമ്പഴങ്ങളും കര്‍ഷകരില്‍ നിന്നു നേരിട്ടും എഫ്പിഒയില് നിന്നും കൊണ്ടുവരുന്ന മാമ്പഴങ്ങളും പ്രദര്‍ശനത്തിനും വില്പനയ്ക്കുമുണ്ടാകും.
മാമ്പഴങ്ങളിലെ രാജ്ഞിയായ അല്‍ഫോന്‍സ, ആന്ധ്രപ്രേദശിന്റെ വാണിജ്യ ഇനവും നാരുകളില്ലാത്ത നേര്‍ത്ത പഴുപ്പുള്ള ബംഗനപള്ളി, പരിമളമേറും ഗന്ധമുള്ള തോത്താപുരി, കിളിമൂക്ക് എന്ന പേരിലറിയപ്പെടുന്ന ബംഗ്ലോര, ദക്ഷിണേന്ത്യന്‍ ഇനങ്ങളായ നീലം, ചക്കരക്കുട്ടി, കാലപ്പാടി, മല്‍ഗോവ, മുണ്ടപ്പ, മല്ലിക, പ്രിയൂര് സുവര്‍ണരേഖ, സിന്ദൂരം, പടന്നക്കാട് കാര്‍ഷിക കോളജിന്റെ സ്വന്തം ഇനമായ ഫിറാങ്കിലുഡുവ തുടങ്ങി 25 ഓളം ഇനങ്ങള്‍ പ്രദര്‍ശന വില്പന നഗരിയിലുണ്ടാവും.
മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണ്ണിമത്തന്, പൈനാപ്പിള്‍, വിദേശയിനമായ അബിയു വിപണിയുടെ ആകര്‍ഷണമായിരിക്കും. അത്യുല്പാദനശേഷിയുള്ള ഗുണനിലവാരമുള്ള എല്ലാ കാര്‍ഷിക വിളകളുടെ വിത്തുകളും തൈകളും മറ്റു നടിയില്‍ വസ്തുക്കളും മേളയോട് അനുബന്ധിച്ച് വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ പച്ചക്കറികളുടെ തൈകളും അലങ്കാര പുഷ്പങ്ങളും നാട്ടിന്‍പുറങ്ങളിലെ ഫലവൃക്ഷ തൈകളും വിപണിയില്‍ വാണിജ്യ കൊയ്ത്ത് നടത്തുന്ന വിദേശയിനം പഴങ്ങളും വില്പനക്ക് സജ്ജമായിട്ടുണ്ട്.
ഫെസ്റ്റിന് എത്തുന്നവരുടെ ദാഹമകറ്റാന്‍ വിദ്യാര്‍ഥികള്‍ തന്നെ തയ്യാറാക്കുന്ന പലതരം വിഭവങ്ങള്‍ക്ക് പുറമെ ഫുഡ് കോര്‍ട്ടില്‍ വിവിധതരം സ്ക്വാഷ്, ജാം, അച്ചാറുകള്‍, പലഹാരങ്ങള്‍, മാമ്പഴത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, കൂടാതെ കൊറിയന്‍ വിഭവങ്ങളും മാംഗോ സ്വീറ്റ്സ്, പാനിപൂരി, പേട തുടങ്ങിയവയും ഉണ്ടാകും. ഇതോടൊപ്പം കര്‍ഷകരുടെ പച്ചക്കറി ഉത്പന്നങ്ങളുടെ വില്പന സ്റ്റാളുകളും ഇത്തവണത്തെ പ്രത്യേകതയാണ്.
മാംഗോ ഫെസ്റ്റിനോടനുബന്ധമായി ദിവസവും വിവിധ സെമിനാറുകളും കൈകൊട്ടിക്കളി, ഫാഷന്‍ ഷോ, സ്പോട്സ് കൊറിയോ, വിദ്യാര്‍ത്ഥികള്‍ക്ക് സംഗീതവിരുക്കാന് ഖയാല്‍ ബാന്‍ഡ് തുടങ്ങിയ കലാസാംസ്കാരിക പരിപാടികളും ഉണ്ടാകും.
പത്രസമ്മേളനത്തില്‍ കാര്‍ഷിക കോളജ് ഡീന്‍ ഡോ.സജിതറാണി, അസി.പ്രഫസര്‍മാരായ ഡോ.എന്‍.കെ.വിനീത, ഡോ.ആര്‍എല്‍.അനൂപ്, ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ എസ്. സമ്പത്ത്, സ്റ്റുഡന്റ്സ് കണ്‍വീനര്‍മാരായ അമല്‍ അലോഷ്യസ്, ഷാദിമ ഷെറിന് എന്നിവര്‍ സംബന്ധിച്ചു.