അരങ്ങേറ്റ ചെലവുകൾ കാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവച്ച് നൃത്തവിദ്യാർഥികൾ
1546956
Wednesday, April 30, 2025 7:25 AM IST
വെള്ളരിക്കുണ്ട്: അരങ്ങേറ്റ ചടങ്ങിനോടനുബന്ധിച്ച ആർഭാട ചെലവുകൾ ഒഴിവാക്കി ആ തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച് നൃത്തവിദ്യാർഥികളുടെ മാതൃക. വെള്ളരിക്കുണ്ടിലെ തപസ്യ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് വിദ്യാർഥികളാണ് വേറിട്ട മാതൃക അവതരിപ്പിക്കുന്നത്.
പരപ്പ തോടംചാൽ സിറ്റിസൺ ക്ലബിന്റെയും മാവുങ്കാൽ സേവാഭാരതിയുടെയും ജീവകാരുണ്യ പ്രവർത്തനഫണ്ടിലേക്കാണ് ഇത്തവണ തുക കൈമാറുന്നത്. മുൻവർഷങ്ങളിലും സ്ഥാപനത്തിലെ വിദ്യാർഥികളുടെ അരങ്ങേറ്റത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നല്കിയിരുന്നു.
ഇത്തവണത്തെ അരങ്ങേറ്റ വേളയിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സിറ്റിസൺ ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്കുള്ള സംഭാവന തപസ്യ ഡയറക്ടർ സന്തോഷ് നാട്യാഞ്ജലിയിൽ നിന്നും ക്ലബ് ഭാരവാഹികളായ അനൂപ്, അയൂബ് സബാൻ, സുധീഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
തപസ്യയിലെ ഭരതനാട്യം വിദ്യാർഥികളുടെ അരങ്ങേറ്റം മേയ് രണ്ടിന് വൈകുന്നേരം ആറു മുതൽ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടക്കും. തഹസിൽദാർ പി.വി. മുരളി ഉദ്ഘാടനം നിർവഹിക്കും. എഴുത്തുകാരിയും അഭിനേത്രിയുമായ സി.പി. ശുഭ മുഖ്യാതിഥിയാകും.
നാടൻ പാട്ട് കലാകാരൻ സുനിൽ കണ്ണന്റെ നേതൃത്വത്തിലുള്ള സംഗീത സായാഹ്നവും നടക്കും. പത്രസമ്മേളനത്തിൽ തപസ്യ ഡയറക്ടർ സന്തോഷ് നാട്യാഞ്ജലി, മോഹനൻ, രജനി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.