റാങ്ക് പട്ടികയുടെ കാലാവധി തീരുന്നു ; എൽപി അധ്യാപക നിയമനം ലഭിച്ചത് 261 പേർക്ക് മാത്രം
1546955
Wednesday, April 30, 2025 7:25 AM IST
കാസർഗോഡ്: ഒഴിവുകൾ ബാക്കിയുണ്ടായിട്ടും ആവശ്യത്തിന് നിയമനങ്ങൾ നടക്കാതെ ജില്ലയിൽ എൽപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി തീരുന്നു. മെയിൻ ലിസ്റ്റിൽ 598 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 393 പേരുമുൾപ്പെടെ ആകെ 991 പേരടങ്ങിയ റാങ്ക് പട്ടികയിൽനിന്ന് 261 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ 15നു തയാറാക്കിയ റിപ്പോർട്ട് പ്രകാരം ജില്ലയിൽ എൽപി സ്കൂൾ അധ്യാപകരുടെ 59 ഒഴിവുകളുണ്ട്. ഇവ ഇതുവരെ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. മേയ് 31 നാണ് നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി തീരുന്നത്. ഇതോടൊപ്പം പ്രൈമറി സ്കൂൾ മുഖ്യാധ്യാപകരുടെ 54 ഒഴിവുകളും ജില്ലയിലുണ്ട്. ഈ ഒഴിവുകളിലേക്ക് നിലവിലുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം നല്കുമ്പോൾ അധ്യാപക തസ്തികകളിലെ ഒഴിവുകളുടെ എണ്ണം കൂടും.
മേയ് 31ന് ഈ റാങ്ക് പട്ടികയുടെ കാലാവധി തീർന്നാൽ പുതിയ വിജ്ഞാപന പ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത റാങ്ക് പട്ടിക വരാൻ മാസങ്ങളെടുക്കുമെന്ന് ഏതാണ്ടുറപ്പാണ്. നിലവിലുള്ള ഒഴിവുകളിലെങ്കിലും ഈ പട്ടികയിൽ നിന്നുതന്നെ നിയമനം നടക്കുന്നില്ലെങ്കിൽ വരുന്ന അധ്യയനവർഷം നല്ലൊരു വിഭാഗം സ്കൂളുകളിലും വീണ്ടും താത്കാലിക നിയമനങ്ങളെ ആശ്രയിക്കേണ്ടിവരും.
2019ൽ അപേക്ഷ ക്ഷണിച്ചതു പ്രകാരം 2022 മേയ് 31 നാണ് ഇപ്പോഴത്തെ റാങ്ക് പട്ടിക നിലവിൽ വന്നത്. ഇടക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് പരീക്ഷയും അഭിമുഖവും നടത്തി റാങ്ക് പട്ടിക തയാറാക്കുന്നത് നീണ്ടുപോയത്. ഈ കാലതാമസം മൂലം നിലവിലുള്ള പട്ടികയിലുള്ള പലരും വീണ്ടും അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞുപോയവരാണ്. സമരം ചെയ്താലും സർക്കാർ കനിയില്ലെന്ന് അനുഭവങ്ങൾ പഠിപ്പിച്ചതിനാൽ വരുന്ന ഒരു മാസത്തിനകം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യമായ മറ്റു വഴികളെല്ലാം അന്വേഷിക്കുകയാണ് ഇവർ.