എസ്പിസി സംസ്ഥാന സഹവാസ ക്യാമ്പ്; കൊല്ലത്തെ കേഡറ്റുകൾക്ക് ഒന്നാം സ്ഥാനം
1561065
Tuesday, May 20, 2025 5:34 AM IST
കൊല്ലം : സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാന സഹവാസ ക്യാമ്പിൽ കൊല്ലം സിറ്റി ജില്ലയിലെ എസ്പിസി കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
20 പോലീസ് ജില്ലകളിൽ നിന്നുള്ള ആയിരത്തോളം കേഡറ്റുകൾ പങ്കെടുത്ത ക്യാമ്പിലെ വിവിധ വിഭാഗങ്ങളിൽ കൊല്ലം സിറ്റി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പാസിംഗ് ഔട്ട് പരേഡിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലക്കറിൽ നിന്ന് ജില്ലയിലെ പ്ലാട്ടൂൺ കമാൻഡർ എസ്.ആർ.നീരജ ട്രോഫികൾ ഏറ്റുവാങ്ങി. ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ, എസ്പിസി പദ്ധതി ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ.ജീജി,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ എന്നിവരുടെ നിർദേശാനുസരണമുള്ള ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ടീം കൊല്ലം സിറ്റി നേട്ടം കൈവരിച്ചത്.
ജില്ലാ അസി.നോഡൽ ഓഫീസർ ബി.രാജേഷ് കോർഡിനേറ്റർ എസ്.ഷഹീർ, എഎസ്ഐ മാരായ പ്രഭ, സുജിൻ, അധ്യാപകരായ വിസ്വാൺ, സുമമോസസ് എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
വിജയികളെ എഡിജിപി പി.വിജയൻ എസ്പിസി സംസ്ഥാന നോഡൽ ഓഫീസർ ഡിഐജി അജിതാ ബീഗം എന്നിവർ അഭിനന്ദിച്ചു. കേഡറ്റുകൾക്ക് ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ മധുര വിതരണം നൽകി. ജില്ലയിലെ ഡ്രിൽ ഇൻസ്ട്രക്ടർമാർ, പോലീസ് ഓഫീസർമാരായ അധ്യാപകർ, എസ്പിസി പിടിഎ എന്നിവരുടെ മികച്ച കൂട്ടായ്മയും പിന്തുണയുമാണ് നേട്ടത്തിനിടയാക്കിയത്. 24 പെൺകുട്ടികളും 10 ആൺകുട്ടികളുമാണ് കൊല്ലം സിറ്റിയിലെ 34 വിദ്യാലയങ്ങളിൽ നിന്നായി ക്യാമ്പിൽ പങ്കെടുത്തത്.