അനധികൃത മരംമുറി; കോൺഗ്രസ് നെടുന്പന പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
1562760
Tuesday, May 27, 2025 6:16 AM IST
ചാത്തന്നൂർ: നെടുമ്പന വില്ലേജ് ഓഫീസിന് സമീപമുള്ള റവന്യൂ പുറമ്പോക്കിൽ നിന്നും 11 മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയതിനെതിരേ കോൺഗ്രസ് പ്രവർത്തകർ നെടുമ്പന പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
ഭരണം അവസാനിക്കുന്ന സമയത്തും നെടുമ്പന പഞ്ചായത്തിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ അഴിമതി തുടരുകയാണെന്ന് ഫൈസൽ കുളപ്പാടം പറഞ്ഞു.
മുമ്പ് 27 മരങ്ങൾ മുറിച്ചു കടത്തിയതിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സനും ഒരു പഞ്ചായത്തംഗത്തിനുമെതിരേ മോഷണ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടില്ല. പോലീസ് അറസ്റ്റ് ചെയ്യാത്തതിനാലാണ് ഇപ്പോഴും അനധികൃത മരം മുറി തുടരുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
പ്രതിഷേധ സമരത്തിന് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആസാദ് നാല്പങ്ങൾ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എൽ.നിസാമുദീൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് ബിജു പഴങ്ങാലം, ജേക്കബ് നല്ലില, ഷാൻ മുട്ടയ്ക്കാവ്,അനീഷ് നെടുമ്പന, മുനീർ നെടുമ്പന, സൽമാൻ വിളയിൽ, ഷിഹാർ കണ്ണനല്ലൂർ, ഹരികുമാർ പുലിയില, ശശീന്ദ്രൻ പള്ളിമൺ,റിയാസ്, നിസാറുദീൻ വെളിച്ചിക്കാല തുടങ്ങിയവർ നേതൃത്വം നൽകി.