ചാത്തന്നൂർ തിരുമുക്കിൽ ബസ് കുഴിയിൽ വീണു
1562765
Tuesday, May 27, 2025 6:16 AM IST
ചാത്തന്നൂർ: നിർമാണം നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയിലെ കുഴിയിലേയ്ക്ക് കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ് വീണു. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ബസ് ഇന്നലെ രാവിലെ ആറോടെയാണ് അപകടത്തിൽപ്പെട്ടത്.
ചാത്തന്നൂർ തിരുമുക്കിലെ നിർമാണം നടന്നു കൊണ്ടിരിക്കുന്ന സർവീസ് റോഡിലെ കുഴിയിലാണ് ബസ് വീണത്. ബസ് ചരിഞ്ഞുവെങ്കിലും മറിയാതിരുന്നതിനാൽ അപകടം ഒഴിവായി.ഈ ഭാഗത്ത് വാഹനങ്ങൾ കുഴിയിൽ വീഴുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. കഴിഞ്ഞദിവസം ലോഡുമായി പോയ രണ്ട് മിനിലോറികളും വയ്ക്കോൽ കയറ്റി വന്ന മിനിലോറിയും കുഴിയിൽ വീണിരുന്നു.
കണ്ടെയ്നറുകളും കെഎസ്ആർടിസി ബസുകളും തുടങ്ങി ദിവസേന ഇവിടെ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായിട്ടുണ്ട്.നിരവധി ഇരുചക്രവാഹനങ്ങളാണ് കുഴിയിൽപ്പെട്ടിട്ടുള്ളത്.
റോഡ് നിർമാണത്തിനായി എടുത്ത കുഴികളിൽ ഇട്ട മണ്ണ് ഉറയ്ക്കാത്തതും വാഹനങ്ങൾ തെന്നി മാറി കുഴിയിൽ വീഴാൻ ഇടയാക്കുന്നു.
മഴ പെയ്തതോടെ റോഡാകെ വെളളക്കെട്ടായി. വെള്ളം കയറി കിടക്കുന്നതിനാൽ കുഴികൾ അറിയാനും കഴിയില്ല. അപകട മുന്നറിയിപ്പ് ബോർഡുമില്ല.