വള്ളസദ്യക്ക് കൂപ്പൺ വിറ്റ് ദേവസ്വം ബോർഡ്; എതിർപ്പുമായി പള്ളിയോട സേവാസംഘം
1578397
Thursday, July 24, 2025 3:39 AM IST
ആറന്മുള: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ സ്പെഷല്‍ കൂപ്പണ്‍ മുഖേന വാണിജ്യവത്കരിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരേ പള്ളിയോട സേവാസംഘം. 250 രൂപ നിരക്കില്‍ ബുക്കു ചെയ്യുന്നവര്‍ക്ക് 27 മുതല്‍ വള്ളസദ്യ ലഭ്യമാക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പള്ളിയോട സേവാസംഘം പ്രതിഷേധം അറിയിച്ചു.
പള്ളിയോട സേവാസംഘം ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് സ്പെഷല്‍ കൂപ്പണിലൂടെ വള്ളസദ്യ വഴിപാട് നടത്തുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന് എന്നിവര്‍ അറിയിച്ചു.
പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 13 മുതല്‍ ആറന്മുള ക്ഷേത്രത്തില്‍ പള്ളിയോടങ്ങള്‍ക്കായി വഴിപാട് വള്ളസദ്യകള്‍ നടന്നുവരികയാണ്. ഇത് ഒക്ടോബർ രണ്ടുവരെ തുടരും.
ഇതേ കാലയളവില്‍ ദേവസ്വം ബോര്‍ഡ് പള്ളിയോടക്കരയുടെ സാന്നിധ്യം ഇല്ലാതെ 250 രൂപ നിരക്കില്‍ ഈടാക്കി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വള്ളസദ്യ നടത്തുമെന്നതാണ് പുതിയ അറിയിപ്പ്. ഈ വര്‍ഷം ആദ്യമായാണ് ഇത്തരം നീക്കവുമായി ദേവസ്വം ബോര്‍ഡ് നീങ്ങുന്നത്.
എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനം പ്രതിഷേധാര്‍ഹവും തിരുവാറന്മുള ക്ഷത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ കടുത്ത ലംഘനവുമാണെന്ന് പള്ളിയോട സേവാസംഘം വിലയിരുത്തി. തുടര്‍ന്ന് നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡിന് കത്ത് നല്കി.
27 മുതല്‍ നടത്തുമെന്നു പറയുന്ന പ്രത്യേകസദ്യകളില് പള്ളിയോട സേവാ സംഘത്തിന് യാതൊരു പങ്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.