മാലിന്യ മുക്ത നവകേരളം പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി
1578890
Saturday, July 26, 2025 4:24 AM IST
പുളിക്കീഴ്: മാലിന്യ മുക്ത നവകേരളം യാഥാർഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക്തല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മാലിന്യത്തില്‍ നിന്ന് ഊര്‍ജോത്പാദനം, വളനിര്‍മാണം തുടങ്ങിയവയിലൂടെ മാറ്റം കൊണ്ടു വരാനാകും. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ പൊതുഇടവും സൂക്ഷിക്കണമെന്ന ബോധവത്കരണം ഉണ്ടാകണം. ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനത്തിലൂടെ 44 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു.
ശേഷിക്കുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും. പുളിക്കീഴ് കോലറയാറിന്റെ തുടര്‍സംരക്ഷണം സംബന്ധിച്ച് പഠനം നടത്താന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന് താമരച്ചാലില്‍ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഹരിതകര്‍മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് പാഴ്വസ്തുക്കളും ബ്ലോക്ക് തലത്തില്‍ തരം തിരിച്ച് ബെയിലിംഗ് നടത്തി ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നതിനാണ് ബ്ലോക്ക് തലത്തില്‍ ആര്‍ആര്‍എഫ് സ്ഥാപിക്കുന്നത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകന്, റ്റി. പ്രസന്നകുമാരി, അന്നമ്മ ജോര്‍ജ്, അനുരാധ സുരേഷ്, ഏബ്രഹാം തോമസ്, ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മറിയാമ്മ ഏബ്രഹാം, എം.ബി. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.