കെഎസ്ആർടിസിയുടെ ആപ്പിന് സ്വകാര്യബസുകളുടെ പാര
1578402
Thursday, July 24, 2025 3:39 AM IST
പത്തനംതിട്ട: ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ചലോ ആപ്പിലൂടെ കെഎസ്ആർടിസി നൽകിത്തുടങ്ങിയപ്പോൾ അതിന്റെ പ്രയോജനം ഒരുവിഭാഗം സ്വകാര്യ ബസുകൾക്കും. കെഎസ്ആർടിസി ബസുകളുടെ സമയം കൃത്യമായി ലഭിച്ചു തുടങ്ങിയതോടെ മുന്നിലും പിന്നിലുമായി പാര പണിയാൻ സ്വകാര്യ ബസുകൾക്കു കഴിയുന്നുണ്ട്. ഒരു ചെലവുമില്ലാതെ കെഎസ്ആർടിസി ബസുകളുടെ യാത്രാ വിവരങ്ങൾ കൃത്യമായി ലഭിക്കുമെന്നതിനാൽ വേഗം കൂട്ടിയും കുറച്ചുമൊക്കെ പാര പണിതു തുടങ്ങിയിരിക്കുകയാണ്.
സ്വകാര്യബസുകൾ സജീവമായ റൂട്ടുകളിലാണ് കെഎസ്ആർടിസി ബസുകളുടെ വരുമാനം ചോർത്തുന്ന നടപടി. നേരത്തേ സ്വകാര്യബസുകൾക്കൊപ്പം കെഎസ്ആർടിസിയും സജീവമായ റൂട്ടുകളിൽ എജന്റുമാരെ നിയോഗിച്ചിരുന്നു.
കെഎസ്ആർടിസി ബസ് എവിടെയെത്തിയെന്ന് ഉടമകൾ നിയോഗിക്കുന്ന ഈ ഏജന്റുമാർ സ്വകാര്യബസ് ജീവനക്കാരെ അറിയിക്കുന്നതായിരുന്നു പതിവ്. ഇത് പിന്നീട് നിലച്ചിരുന്നു.
അടുത്തിടെ തിരുവല്ലയിൽനിന്ന് റാന്നിയിലേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. ഇതോടെ കെഎസ്ആർടിസി ജീവനക്കാർ നടത്തിയ നീരീക്ഷണത്തിലാണ് ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതെന്നും ഇവർ പറയുന്നു. പത്തനംതിട്ട-തട്ട- അടൂർ, പത്തനംതിട്ട- പുനലൂർ, തിരുവല്ല- റാന്നി, തിരുവല്ല- പത്തനംതിട്ട തുടങ്ങിയ റൂട്ടുകളിലെല്ലാം ചോർച്ച നടക്കുന്നതായി ജീവനക്കാർ പറയുന്നു. എന്നാൽ, ജനങ്ങൾക്കും ഏറെ ഉപകാരപ്രദമായതിനാൽ ആപ്പ് പ്രവർത്തനം നിർത്താനും കഴിയില്ല.
അടുത്തിടെയാണ് കെഎസ്ആർടിസിയിൽ ബസ് ലൈവ് ട്രാക്കിംഗ് ആപ്പ് പ്രവർത്തനം തുടങ്ങിയത്. ‘ചലോ’ എന്ന ആപ്പ് വഴിയാണ് ബസുകൾ എവിടെയെത്തിയെന്ന് തത്സമയം അറിയാനാവുക.
സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. വരാനുള്ള ബസുകളുടെ സമയം, അത് എവിടെയെത്തി എന്നറിയാനുള്ള സൗകര്യം എന്നിവയെല്ലാം ചലോ ആപ്പിലുണ്ട്. സ്വകാര്യ ഏജൻസിയുമായി സഹകരിച്ചാണ് കെഎസ്ആർടിസി ചലോ ആപ്പ് ഒരുക്കിയിരിക്കുന്നത്.