വള്ളസദ്യയുടെ പേരിൽ തർക്കം; ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് പള്ളിയോട സേവാസംഘത്തിന്റെ മാർച്ച്
1578882
Saturday, July 26, 2025 4:18 AM IST
ആറന്മുള : ആചാരാനുഷ്ഠാനങ്ങള്ക്കുവിരുദ്ധമായി വള്ളസദ്യകള്‍ വാണിജ്യവത്കരിച്ച് പാർഥസാരഥിക്ഷേത്ര മതിലകത്തു നടത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തിനെതിരേ 52 പള്ളിയോടകരകളിലെ നാഥന്മാര് ആറന്മുള കിഴക്കേ നടയിലുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ഉദ്ഘാടനം ചെയ്തു.
250 രൂപ നിരക്കില്‍ വള്ളസദ്യകള്‍ സ്പെഷല്പാസ് മുഖേന നാളെ മുതല്‍ ക്ഷേത്രമതിലകത്ത് നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ചേര്‍ന്ന പള്ളിയോട സേവാസംഘത്തിന്റെ അടിയന്തര പൊതുയോഗമാണ് ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
ആഴ്ചയില്‍ രണ്ട് സദ്യകള്‍ ക്ഷേത്രമതിലകത്ത് നടത്താന്‍ ദേവസ്വംബോര്‍ഡിന് പള്ളിയോടസേവാസംഘം അനുവാദം നല്കിയിട്ടുണ്ടെന്നുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് പള്ളിയോടസേവാസംഘം പ്രസിഡന്റ് പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ക്ഷേത്രത്തിനു പുറത്ത് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വള്ളസദ്യ നടത്തുന്നതുപോലെ നടത്താന്‍ ദേവസ്വം ബോര്‍ഡിനു കഴിയുമോയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ആരാഞ്ഞിരുന്നതായും ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്ന് പള്ളിയോടസേവാസംഘം ഭാരവാഹികള്‍ പറഞ്ഞു.
പെയ്ഡ് സദ്യകള്‍ നടത്തുന്നതിന് പള്ളിയോടസേവാസംഘത്തിന്റെ പൊതുയോഗത്തിന് എതിര്‍പ്പില്ലെങ്കില്‍ ക്ഷേത്രത്തിനു പുറത്ത് നടത്താമെന്ന മിനിറ്റ്സാണ് ദേവസ്വംബോര്‍ഡ് ബോധപൂർവം തിരുത്തിയിരിക്കുന്നതെന്നും പള്ളിയോടസേവാസംഘം കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ കോടതി ഉത്തരവുകളും സംഘത്തിനോ തങ്ങളുടെ അഭിഭാഷകനോ ലഭിച്ചിട്ടില്ലെന്നും സാംബദേവന്‍ പറഞ്ഞു. അടുത്ത വള്ളസദ്യ കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ പദ്ധതിയും പള്ളിയോട സേവാസംഘത്തിന്റെ ഓണ്‍ലൈന്‍ സദ്യ ബുക്കിംഗും വേണ്ടെന്നും ഇന്നലെ കൂടിയ പൊതുയോഗം തീരുമാനിച്ചു.
ഒക്ടോബര്‍ രണ്ടുവരെ ഇത്തരം സദ്യകള്‍ക്ക് സംഘം അനുവാദം നല്കിയതുകൊണ്ടാണ് ഇത്തവണ തുടരേണ്ടി വരുന്നത്. എന്നാല്‍ വള്ളസദ്യയെ കച്ചവടവത്കരിച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടൂർ ഓപ്പറേറ്റര്‍മാര്‍ ഓണ്‍ലൈനിലിലൂടെ സദ്യ ബുക്ക് ചെയ്തതും റദ്ദാക്കിയിട്ടുണ്ട്. ആചാരവും അനുഷ്ഠാനവും പള്ളിയോട കരക്കാരുടെ അഭിമാനവുമാണ് വലുതെന്നും യോഗം അഭിപ്രായപ്പെട്ടു.
ക്ഷേത്രമതിലകത്തും പുറത്തും നടത്തുന്ന ഓരോ വള്ളസദ്യയ്ക്കും വാടക, മുതല്‍ക്കൂട്ട് ഇനത്തില്‍ 17500 രൂപയും ഓരോ സദ്യയ്ക്കും സൗജന്യമായി അഞ്ച് വള്ളസദ്യ പാസുകളും പള്ളിയോടസേവാസംഘം, ദേവസ്വംബോര്‍ഡിനു നല്‍കുന്നുണ്ട്. അതാത് ദിവസം നടക്കുന്ന സദ്യയുടെ 17500 രൂപ നിരക്കിലുള്ള തുക ദേവസ്വംബോര്‍ഡിന്റെ പേരിലുള്ള ധനലക്ഷ്മി ബാങ്കില്‍ പള്ളിയോടസേവാസംഘം അടയ്ക്കുന്നുമുണ്ട്.
നാളെ ദേവസ്വംബോര്‍ഡ് ബുക്ക് ചെയ്തതായി പറയുന്ന സദ്യ ആചാരാനുഷ്ഠാനത്തോടെയുള്ള വള്ളസദ്യയായി പരിഗണിച്ച് പള്ളിയോടസേവാസംഘം സൗജന്യമായി നല്കാന് തയാറാണ്. എന്നാല്‍ ഇതേനില തുടരുകയാണെങ്കില്‍ കടുത്ത പ്രതിഷേധ സമരത്തിന് പള്ളിയോടസേവാസംഘം തയാറാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.