വിശാലതയിൽ കണ്ടെത്തിയ ആത്മീയതയുടെ പച്ചപ്പ് : മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്കു നവതി
1578666
Friday, July 25, 2025 4:20 AM IST
ഡോ. ജോർജ് വർഗീസ് കൊപ്പാറ (തുന്പമൺ ഭദ്രാസന കൗൺസിൽ മെംബർ )
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസിന് നവതിയുടെ നിറവ്. 1936 ജൂലൈ 26നു ജനിച്ച അദ്ദേഹത്തിന്റെ 90 ാം ജന്മദിനം നാളെയാണ്. കോയിപ്രം കൂർത്തമല നെല്ലിക്കൽ കുടുംബത്തിലാണ് ജനനം.
സൃഷ്ടി മുഴുവൻ ദൈവികദാനമെന്നു വിശേഷിപ്പിക്കുന്ന വലിയ ഇടയന്റെ പിറന്നാൾ ദിനം താൻ തന്നെ കരുണയുടെ കരങ്ങൾ നീട്ടിക്കൊടുത്തവർക്കൊപ്പമായിരിക്കും. വെച്ചൂച്ചിറയിലെ മാർ ബസേലിയോസ് ഗ്രീഗോറിയോസ് മേഴ്സി ഹോമിലെ താമസക്കാർക്കൊപ്പം നാളെ ഉച്ചമുതൽ ചെലവഴിക്കാനാണ് തീരുമാനം.
ജന്മനാടായ കൂർത്തമലയിലെ മാർത്തോമ്മ ഇടവകയുടെ ജൂബിലി പരിപാടികളിൽ പങ്കെടുത്തശേഷം മാരാമൺ സമഷ്ടിയിലും കുറച്ചു സമയം ഉണ്ടാകും. ഇന്ന് പത്തനംതിട്ട ബേസിൽ ദയറായിൽ തുന്പമൺ ഭദ്രാസന കൗൺസിലും ആത്മീയ സംഘടനാ ഭാരവാഹികളും ചേർന്ന് ക്ലീമിസ് വലിയ മെത്രാപ്പോലീത്തയെ ആദരിക്കും.
പ്രകൃതിയിലെ ജീവജാലങ്ങളും സസ്യലതാദികളും സമസൃഷ്ടമെന്നു വിശ്വസിക്കുന്ന വലിയ ഇടയനാണ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത. ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപനായി ശുശ്രൂഷ ചെയ്ത മെത്രാപ്പോലീത്ത അവിടെനിന്ന് തുന്പമൺ ഭദ്രാസന ചുമതലയേൽക്കാൻ പത്തനംതിട്ടയിലേക്കു വന്നത് ഒരു ലോറി നിറയെ വിവിധയിനം പശുക്കളുമായിട്ടാണ്. ദൈവജനത്തെയെന്നപോലെ പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കുക എന്ന വലിയ സന്ദേശത്തിന്റെ പ്രഘോഷണമായിരുന്നു ആ വരവ്.
പത്തനംതിട്ടയിൽ ഉള്ളപ്പോൾ പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് തൊഴുത്തിലേക്ക് പോകുന്ന മെത്രാനച്ചനെ ഒപ്പമുണ്ടായിരുന്നവർക്ക് മറക്കാനാകുന്നില്ല. ഓരോ പശുവിനെയും പേരു ചൊല്ലി വിളിച്ചു തലോടും. അതിനുശേഷം സ്വന്തമായുള്ള പച്ചക്കറി തോട്ടത്തിലേക്കൊരു യാത്ര. ശുദ്ധമായ പശുവിൻ പാൽ തേടി എത്തുന്നവരോടു രോഗങ്ങൾ അകറ്റാൻ പ്രകൃതിയെ പ്രണയിക്കാൻ ഉപദേശം.
ശുദ്ധമായ മനസോടെ ശുദ്ധവായു ആവോളം ശ്വസിച്ചു തുടങ്ങുന്ന ഓരോ ദിവസവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങളായി മാറി. പിന്നാലെ പ്രിയപ്പെട്ട അരുമകൾക്കായി അദ്ദേഹം പന്പയുടെ തീരത്ത് വിശാലമായ പച്ചപ്പ് കണ്ടെത്തി. അങ്ങനെയാണ് സമഷ്ടി എന്ന പേരിൽ മാരാമണ്ണിൽ പുതിയ ഒരു സ്ഥാപനവും കൃഷിയിടവുമെല്ലാം വരുന്നത്.
വിശാലതയിൽ ആത്മീയതയുടെ പച്ചപ്പ് കണ്ടെത്തിയ ശ്രേഷ്ഠാചാര്യന്റെ മനസ് വേദനിച്ച സംഭവമാണ് 2018ലെ മഹാപ്രളയം. കോട്ടയത്ത് സഭയുടെ അടിയന്തര മീറ്റിംഗിൽ പങ്കെടുത്ത് തന്റെ പ്രിയപ്പെട്ട ഇടമായ സമഷ്ടിയിലേക്ക് വരുന്പോഴേക്കും വെള്ളം കയറിയിരുന്നു. പന്പയുടെ തീരം മുഴുവൻ മുങ്ങി.
പക്ഷി മൃഗാദികളെയും സസ്യങ്ങളെയും ഓർത്ത് വേവലാതിപ്പെട്ടു. പരിചിതരായവരെയൊക്കെ വിളിച്ച് സഹായം തേടി. സമഷ്ടിയിലെ കെട്ടിടത്തിനു മുകളിലേക്ക് പശുക്കളെയും ആടിനെയും ഒക്കെ മാറ്റി. പിന്നീട് ഇവയെ സുരക്ഷിത ഇടങ്ങളിലേക്ക് കൊണ്ടുപോയി. പക്ഷേ പച്ചക്കറിയും കാർഷികവിളകളും സംരക്ഷിക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ മനസ് നൊന്തു.
1989 ൽ പത്തനംതിട്ടയിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലാണ് ഫാ.പി.എം. കുര്യാക്കോസിനെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അതുവരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി അധ്യപകനായിരുന്നു കുര്യാക്കോസ് അച്ചൻ. ദൈവഹിതത്തിൽ പൂർണമായി വിശ്വസിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
തനിക്കായി ദൈവംകരുതിയിട്ടുള്ളത് ആർക്കും തട്ടിക്കൊണ്ടുപോകാൻ കഴിയില്ലായെന്നതാണ് ജീവിതം നൽകിയ പാഠമെന്ന് ക്ലീമിസ് തിരുമേനി പറയും. 1991ൽ മാർ ക്ലീമിസ് എന്ന പേരിൽ മെത്രാപ്പോലീത്തയായ അദ്ദേഹം ആദ്യം നിയോഗിക്കപ്പെട്ടത് പുതിയ ഭദ്രാസനമായ സുൽത്താൻ ബത്തേരിയിലേക്കാണ്. ഒന്നുമില്ലായ്മയിൽനിന്ന് ഒരു ഭദ്രാസനം കെട്ടിപ്പടുത്തു.
2009 മാർച്ചിലാണ് ബത്തേരിയിൽ നിന്നു പത്തനംതിട്ടയിലേക്കു മാറ്റപ്പെട്ടത്. പ്രഗത്ഭരായ തന്റെ മുൻഗാമികളിൽ ഏറെപ്പേരെയും നേരിട്ടു മനസിലാക്കിയിരുന്ന ക്ലീമിസ് മെത്രാപ്പോലീത്ത അതേവഴിയിൽ ഭദ്രാസനത്തെ നയിച്ചു. കരുണയുടെ പുതിയ പാതകൾ തുറന്ന് നിരവധി സ്ഥാപനങ്ങൾ കുറഞ്ഞ ഒരു കാലയളവുകൊണ്ട് സ്ഥാപിച്ചു.
നവതി ആഘോഷിക്കുന്പോൾ മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്ക് അഭിമാനത്തോടെ പറയാനാകുന്നതും ഈ സ്ഥാപനങ്ങളെക്കുറിച്ചാണ്. തുന്പമൺ ഭദ്രാസനത്തിനു കീഴിൽ ഇവയെല്ലാം നല്ലനിലയിൽ പ്രവർത്തിക്കുന്നു.
സമ്പാദ്യം മുഴുവൻ അശരണർക്കു നീക്കിവച്ച തിരുമേനി വെച്ചൂച്ചിറയിൽ തന്റെ സ്വന്തം സ്ഥലത്ത് ആരോരും ഇല്ലാത്ത വയോധികരെ സംരക്ഷിക്കുന്നതിനുവേണ്ടി വർഷങ്ങൾക്കു മുന്പേ തുടങ്ങിയതാണ് മേഴ്സി ഹോം. ഇപ്പോൾ അവിടെ 120 ൽ പരം അന്തേവാസികളുണ്ട്. സിസ്റ്റർ തബീഥയുടെ നേതൃത്വത്തിലാണ് അവരെ സംരക്ഷിച്ചുവരുന്നത്.
സമൂഹത്തെ കാർന്നു തിന്നുന്ന കാൻസർ, വൃക്ക, മസ്തിഷ്ക രോഗികൾക്കു മെഡിക്കൽ സഹായവും ചികിത്സയും വീടുകളിൽ എത്തിച്ചു നൽകുന്ന പാലിയേറ്റീവ് മൊബൈൽ യൂണിറ്റ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ തുടങ്ങിയതാണ്. കോവിഡ് കാലത്ത് ഓക്സിജനുവേണ്ടി ആളുകൾ കാത്തിരുന്നപ്പോൾ പാലിയേറ്റീവ് യൂണിറ്റിന്റെ ഡയറക്ടർ ഫാ. ഗബ്രിയേൽ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ മാർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ ദീർഘവീക്ഷണം മൂലമായിരുന്നു.
സമൂഹത്തിന്റെയും സഭയുടെയും നന്മ മാത്രം ആഗ്രഹിക്കുന്ന മെത്രാപ്പോലീത്തയ്ക്ക് അധികാരത്തോടും ഭ്രമമുണ്ടായില്ല. മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയായിരുന്ന ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവ കാലം ചെയ്തപ്പോൾ സഭയ്ക്കു നേതൃത്വം നൽകാൻ സീനിയർ മെത്രാപ്പോലീത്തയെന്ന നിലയിൽ കുര്യാക്കോസ് മാർ ക്ലീമിസ് നിയോഗിക്കപ്പെട്ടു.
തന്നിൽ സഭ അർപ്പിച്ച വിശ്വാസം കൃത്യമായി നിറവേറ്റി പുതിയ കാതോലിക്ക ബാവയെ തെരഞ്ഞെടുക്കുന്നതിലും അഭിഷിക്തനാക്കുന്നതിലും മുഖ്യപങ്ക് നിർവഹിച്ച് ക്ലീമിസ് തിരുമേനി തന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്നതാണ് കണ്ടത്.
പിന്നീട് തുന്പമൺ ഭദ്രാസന ചുമതലയും തന്റെ പിൻഗാമിയായി എത്തിയ ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയെ ഏല്പിച്ച് താൻ ഏറെ ഇഷ്ടപ്പെടുന്ന സമഷ്ടിയിലേക്ക് അദ്ദേഹം മാറി. സഭയുടെ ചരിത്രത്തിൽ ഇതാദ്യമായി വലിയ മെത്രാപ്പോലീത്ത സ്ഥാനം എപ്പിസ്കാപ്പൽ സുന്നഹദോസ് അദ്ദേഹത്തിനു നൽകി.
സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ സമചിത്തതയോടെ സഭാ നൗകയെ ഏകദിശയിലേക്കു നയിക്കാൻ ദൈവം തന്ന അവസരത്തെ തിരുമേനി നന്ദിയോടെയാണ് ഓർക്കുന്നത്. സഭയുടെ ഭിത്തിയെ ബലവത്താക്കാൻ എനിക്കു പിന്നാലെ വരുന്നവനാണ് എന്നേക്കാളും ശ്രേഷ്ഠൻ എന്നു ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ തിരുമേനി ലോകത്തുതന്നെ അവശഷിക്കുന്ന അപൂർവ ജെനോസോമിൽപെട്ട ഒന്നാണെന്നു പറയാം.
ദൈവം നൽകുന്ന ആയുസ് നന്മ ചെയ്യാനുള്ളതാണെന്ന ബോധ്യമുണ്ടാകണം. തിന്മഒഴിവാക്കണം. വിവേകത്തോടും ദൈവാശ്രയ ബോധത്തോടും കൂടി മറ്റുള്ളവർക്കു നന്മ ചെയ്യുക എന്നതാണ് നവതി ആഘോഷിക്കുന്ന വലിയ മെത്രാപ്പോലീത്തയ്ക്കു വിശ്വാസികൾക്ക് നൽകാനുള്ള സന്ദേശം.