ബിലീവേഴ്സ് ആശുപത്രിയിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ സൗകര്യങ്ങൾ
1578664
Friday, July 25, 2025 4:20 AM IST
പത്തനംതിട്ട: ശ്വാസകോശ കൈമാറ്റ ശസ്ത്രക്രിയ ഇനി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലും. ഹൈദരാബാദ് യശോദ ആശുപത്രിയുമായി സഹകരിച്ചാണ് ബിലീവേഴ്സ് ആശുപത്രിയുടെ പൾമണോളജി വിഭാഗം ഇതു നടപ്പിലാക്കുന്നത്. ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ട സൗകര്യങ്ങൾ നാട്ടിൽ ലഭ്യമാക്കുവാൻ കഴിഞ്ഞാൽ അനവധി രോഗികൾക്ക് ഇതൊരു ആശ്വാസമായി മാറുമെന്ന് ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
താരതമ്യേന ശസ്ത്രക്രിയയുടെ ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. സർക്കാർ സബ്സിഡിയും ഇക്കാര്യത്തിലുണ്ടാകണം. ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ള ആശുപത്രികളുണ്ടെങ്കിലും വളരെകുറച്ച് ശസ്ത്രക്രിയകൾ മാത്രമേ നടന്നിട്ടുള്ളൂ.
ശ്വാസകോശം മാറ്റിവയ്ക്കണമെങ്കിൽ ധാരാളം മുന്നൊരുക്കങ്ങളും ശസ്ത്രക്രിയയ്ക്ക് ശേഷം പലവിധമായ തുടർപരിചര ണങ്ങളും ആവശ്യമാണ്. കുറഞ്ഞ സമയപരിധിക്കുള്ളിൽ ശ്വാസകോശം എടുക്കുകയും മറ്റൊരാളിലേക്ക് മാറ്റുകയും വേണം. 60 വയസിൽ താഴെയുള്ളവർക്കു മാത്രമേ ശ്വാസകോശം മാറ്റിവയ്ക്കൽ ഫലപ്രദമാകുകയുള്ളൂ. ശ്വാസകോശം നല്കുന്നവർ ചെറുപ്പക്കാരായിരിക്കുകയും വേണം.
ശ്വാസകോശ രോഗങ്ങൾ മൂലം നിരവധി ചെറുപ്പക്കാർ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംരംഭം ബിലീവേഴ്സ് ആശുപത്രിയിൽ തുറക്കാൻ തീരുമാനിച്ചതെന്ന് പൾമണോളജി വിഭാഗം മേധാവി ഡോ. ലൂക്ക് മാത്യു പറഞ്ഞു.
ശസ്ത്രക്രിയയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് രണ്ടിന് ഹൈദരാബാദ് യശോദ ആശുപത്രി സിഇ ഒ ഡോ. ജി. വിജയകുമാർ നിർവഹിക്കും. ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടും ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. ജോംസി ജോർജ്, സീനിയർ കൺസൾട്ടന്റ് ഡോ. അനന്തു ജോസഫ്, മീഡിയ കോ ഓർഡിനേറ്റർ മേഘ രാധാക്യഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.