പ്രമാടത്ത് പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ഏത്തവാഴകൾ നശിപ്പിച്ചു
1578660
Friday, July 25, 2025 4:20 AM IST
പത്തനംതിട്ട: പ്രമാടത്ത് കൃഷിയിടത്തിൽ കടന്നു കയറി ഏത്തവാഴകൾക്കു നാശം വരുത്തി. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിനു സമീപമുള്ള ഇടതുരുത്ത് വയലിൽ കൃഷി ചെയ്ത കുലച്ചതും കുലക്കാത്തതുമായ ഏത്തവാഴകളുടെ ഇലകളാണ് കഴിഞ്ഞ ദിവസം വ്യാപകമായി വെട്ടി നശിപ്പിച്ചത്. ചില വാഴകളുടെ പിണ്ടി നിർത്തി ഇല മുഴുവൻ വെട്ടിമാറ്റുകയും ചെയ്തു.
മല്ലശേരി ഇടത്തുരുത്തിയിൽ ഏബ്രഹാം പി. ടൈറ്റസിന്റെ സ്ഥലം തിരുവനന്തപുരം സ്വദേശി കൃഷ്ണൻകുട്ടി പാട്ടത്തിനെടുത്തു കൃഷി ചെയ്ത ഏത്തവാഴകളാണിത്. വ്യാഴാഴ്ചത്തെ ബലിതർപ്പണ ചടങ്ങുകളുടെ ആവശ്യത്തിലേക്കായി ആരോ ഇലകൾ വെട്ടിക്കൊണ്ടുപോയതാണെന്നും സംശയിക്കുന്നു.
കൃഷ്ണൻകുട്ടി പാട്ടത്തിനെടുത്തു കൃഷി നടത്തിവന്ന സ്ഥലത്താണ് കഴിഞ്ഞദിവസം രാത്രിയിൽ നാശനഷ്ടങ്ങൾ വരുത്തിയത്. പരാതിയേ തുടർന്ന് കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു. 800 ഓളം വാഴകളിൽ നല്ലൊരു ഭാഗവും നശിപ്പിച്ചു. ഇവയിലേറെയും കുലച്ചതായിരുന്നു.
ഓണക്കാലത്ത് വിളവെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷ്ണൻകുട്ടി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്. ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി നടത്തിയതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.
ഇലകൾ മുഴുവൻ വെട്ടിമാറ്റിയതോടെ ഇനി വാഴകൾ മുരടിച്ച് നശിച്ചു പോകാനും സാധ്യതയുണ്ട്. കാട്ടുപന്നി ആക്രമണത്തിൽ നിന്നും വാഴകളെ സംരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന ഇരുന്പുവേലി പൊളിച്ചശേഷമാണ് കൃഷിയിടത്തിലേക്ക് ആളുകൾ പ്രവേശിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം വരെ കൃഷ്ണൻകുട്ടി കൃഷിയിടത്തിലുണ്ടായിരുന്നതായി പറയുന്നു. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.
ഏത്തവാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോന്നി താലൂക്ക് സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്. വി. പ്രസന്നകുമാർ ആവശ്യപ്പെട്ടു.