ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കരട് നിർദേശങ്ങൾക്കെതിരേ വ്യാപക ആക്ഷേപം
1578661
Friday, July 25, 2025 4:20 AM IST
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അതിര്‍ത്തികളില്‍ വരുത്തിയ മാറ്റം ഏറെ അശാസ്ത്രീയമാണെന്ന വിമര്‍ശനം ശക്തമാകുന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിനെ മൂന്നായിട്ടാണ് വെട്ടിമുറിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ 2,3,4,6,7 വാര്‍ഡുകള്‍ റാന്നി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 10,11,12 വാര്‍ഡുകള്‍ ഇലന്തൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കുകയാണെങ്കില്‍ കോഴഞ്ചേരി പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം താറുമാറാകുമെന്നും മൂന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍മാര്‍ തീരുമാനിച്ചാല്‍ മാത്രമേ ഒരു റോഡുപോലും ടാര്‍ ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കെ. റോയിസണ്‍ പറഞ്ഞു.
കോയിപ്രം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റൂര്‍ തൈമറവുംകര ഓതറ എന്നീ പ്രദേശങ്ങള്‍ ചേര്‍ത്തപ്പോള്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ പുല്ലാട്, തട്ടയ്ക്കാട് എന്നിവ കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് ചേര്‍ത്തിരിക്കുന്നത്. ഇതിനു സമാനമായിട്ടാണ് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഡ് വിഭജിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ പുല്ലാട് ഡിവിഷനെ കുമ്പനാട് മണ്ഡലത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോയിപ്രം ജില്ലാ പഞ്ചായത്ത് ഡിവിഷന് പേരുണ്ടെങ്കിലും പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഡിവിഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോയിപ്രം ബ്ലോക്ക് ആസ്ഥാനമായ പുല്ലാട് പോലും മറ്റൊരു ഡിവിഷനിലാണ്. പുല്ലാട്, തട്ടയ്ക്കാട് മണ്ഡലങ്ങൾ കോയിപ്രം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വരേണ്ടതാണെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി പറഞ്ഞു. പുറത്തുവന്ന കരട് അംഗീകരിച്ചാൽ ജില്ലയുടെ വികസനത്തെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ പറഞ്ഞു.
അതിർത്തി നിർണയത്തിൽ വ്യാപകമായ പിശകുകൾ ഉണ്ടെന്ന് ജില്ലാ പഞ്ചായത്തംഗവും ഡിസിസി വൈസ് പ്രസിഡന്റുമായ റോബിൻ പീറ്ററും ചൂണ്ടിക്കാട്ടി. അതിർത്തി നിർണയത്തിനു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിർത്തികൾ നിർണയിച്ചത് പാർട്ടി ഓഫീസ് കേന്ദ്രീകരിച്ചാണെന്നും കരട് നിർദേശങ്ങൾക്കെതിരേ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നും റോബിൻ പീറ്റർ പറഞ്ഞു.