വന്യമൃഗശല്യം: സ്ഥലം വിട്ടൊഴിഞ്ഞ കൊക്കാത്തോട് നിവാസികൾ നഷ്ടപരിഹാരം തേടി മനുഷ്യാവകാശ കമ്മീഷനിൽ
1578887
Saturday, July 26, 2025 4:18 AM IST
പത്തനംതിട്ട: വന്യമൃഗ ശല്യമുള്ള പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്ന സ്വയം സന്നദ്ധ സുരക്ഷാ പദ്ധതിയിൽ കൊക്കാത്തോട് വനമേഖലയിലുള്ളവർക്ക് നൽകാനുള്ള നഷ്ടപരിഹാരത്തിന്റെ രണ്ടും മൂന്നും ഗഡുക്കൾ ആറാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
കാട്ടുമൃഗങ്ങളുടെ ശല്യം കാരണം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം അപേക്ഷ നൽകിയവർക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയിലാണ് നടപടി. കോന്നി ഡിഎഫ്ഒ സമർപ്പിച്ച റിപ്പോർട്ടിൽ വന്യമൃഗ ശല്യം കാരണം സ്ഥലം വിട്ടൊഴിയുന്നതിലേക്ക് കോന്നി ഡിവിഷനിൽ 157 അപേക്ഷകളും മണ്ണാറപ്പാറ റേഞ്ചിൽ 13 അപേക്ഷകളും ഉൾപ്പെടെ 170 അപേക്ഷകൾ ലഭിച്ചതായി പറഞ്ഞു.
പരാതിക്കാർ തങ്ങൾക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷനെ അറിയിച്ചു. രണ്ടും മൂന്നും ഗഡുക്കൾ ലഭിക്കാനുണ്ട്. കോന്നി നെല്ലിക്കാപാറ സ്വദേശി ജോർജ്കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് വനംവകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്.
ലഭിച്ച അപേക്ഷകളിൽ സംയുക്ത പരിശോധന നടത്തിയാണ് അംഗീകരിച്ചത്. കൊക്കാത്തോട് മേഖലയിൽ ലഭിച്ച അപേക്ഷകളിൽ 51 അപേക്ഷകളാണ് അംഗീകരിച്ചത്. ആദ്യഗഡു കുറെപ്പേർക്കു നൽകിയെങ്കിലും പിന്നീടുള്ള ഗഡുക്കൾക്ക് പണമില്ലെന്ന അവസ്ഥയാണ്.
പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്തു കൃഷി അസാധ്യമാകുകയും വന്യമൃഗങ്ങളുടെ നിരന്തരശല്യം കാരണം ജീവനു ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്ഥലം വിട്ടൊഴിയാൻ തങ്ങൾ സന്നദ്ധത കാട്ടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.