കാറ്റ് കൊടുങ്കാറ്റായി : ജില്ലയൊട്ടാകെ നാശം
1578877
Saturday, July 26, 2025 3:42 AM IST
പത്തനംതിട്ട: അപ്രതീക്ഷിതമായി ആഞ്ഞുവീശിയ കാറ്റിൽ ജില്ലയൊട്ടാകെ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കാറ്റ് വീശിയത്. അല്പസമയം മാത്രമേ കാറ്റിന്റെ തീവ്രത നീണ്ടുനിന്നുള്ളൂവെങ്കിലും ജില്ലയിലെ എല്ലാ താലൂക്കുകളിലും നാശനഷ്ടങ്ങളുണ്ടായി. മഴയ്ക്കു മുന്നോടിയായ കാറ്റിൽ മരങ്ങൾ വ്യാപകമായി കടപുഴകി.
നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. വൈദ്യുത പോസ്റ്റുകൾ നിലംപതിച്ചും ലൈനുകൾ പൊട്ടിവീണും കെഎസ്ഇബിക്കും വൻ നഷ്ടമുണ്ടായിട്ടുണ്ട്. വൈദ്യുതി വിതരണം ഒട്ടുമിക്ക പ്രദേശങ്ങളിലും നിലച്ചിരിക്കുകയാണ്. മരങ്ങൾ കടപുഴകിയതു കാരണം പ്രധാന റോഡുകളിലടക്കം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾക്കു മുകളിലേക്കും മരങ്ങൾ വീണു നഷ്ടങ്ങളുണ്ടായിട്ടുണ്ട്.
റാന്നിയിൽ
അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിൽ റാന്നി താലൂക്കിൽ വ്യാപക നാശനഷ്ടം. ഉച്ചകഴിഞ്ഞ് 2.30ന് മഴയ്ക്കു മുന്നോടിയായി എത്തിയ കാറ്റ് ഏറെ നേരത്തേക്ക് നാടിനെ മുൾമുനയിൽ നിർത്തി. റാന്നി ടൗണിന്റെ ഹൃദയ ഭാഗത്തേക്ക് വാഹനങ്ങൾ എത്താനുള്ള എല്ലാ പ്രധാന റോഡുകളിലും വൻതോതിൽ മരങ്ങൾ വീണു.
ടൗണിന് സമീപം അങ്ങാടി എസ്ബിഐ ബാങ്ക് പടിയിലാണ് ടൗൺ മേഖലയിൽ കാറ്റ് ഏറെ നാശം വിതച്ചത്. ബാങ്ക് കെട്ടിടത്തിനു മുന്പിൽ നിന്നിരുന്ന തേക്കു മരം കടപുഴകി റോഡിനു കുറുകെ വൈദ്യുതി ലൈനുകളിലേക്കും കേബിളുകളിലേക്കും പതിച്ചു. സമീപത്തുണ്ടായിരുന്ന വാഹന ഷോറൂമിൽ കിടന്ന കാറുകൾക്കും എറെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് കടകൾക്കും മറ്റും കനത്ത നാശമാണ് മരത്തിന്റെ വീഴ്ച മൂലമുണ്ടായത്.
പത്തനംതിട്ടയിൽ നിന്നും റാന്നിയിലേക്കുള്ള പിഎം റോഡിൽ ഉതിമൂട് ഭാഗത്ത് മരം വീണ് റോഡുഗതാഗതത്തെ ബാധിച്ചെങ്കിലും ഫയർ ഫോഴ്സെത്തി മുറിച്ചു നീക്കി. റാന്നി - അത്തിക്കയം റൂട്ടിൽ കരികുളത്തും അഞ്ചു കുഴിയിലും റോഡിനു കുറുകെ മരങ്ങൾ കടപുഴകി.
മരങ്ങൾ വീണ് വൈദ്യുത ലൈനുകൾക്കൊപ്പം പോസ്റ്റുകളും റോഡിലേക്ക് ഒടിയുന്ന അവസ്ഥയാണ്. കക്കുടിമൺ - അത്തിക്കയം റോഡിൽ കുറ്റിയിൽ മോഹൻ രാജിന്റെ പടിയിൽ മരം വീണ് ലൈനുകളും പോസ്റ്റും തകർന്നു. ചെറുകോൽപ്പുഴ - റാന്നി റോഡിലും ഗതാഗത തടസമുണ്ടായി.
റാന്നി - എരുമേലി റൂട്ടിൽ വനമേഖലയിലുൾപ്പെടെ നിരവധി മരങ്ങൾ റോഡിനു കുറുകെ വീണതിനാൽ ഈ റൂട്ടിലും ഗതാഗതം മുടങ്ങി.
സ്കൂൾ വിടുന്നതിനു തൊട്ടു മുമ്പായിരുന്നതിനാൽ പതിവായി ബസിനു പോയിരുന്ന മുഴുൻ വിദ്യാർഥികളും മറ്റുയാത്രക്കാരും റാന്നി, ഇട്ടിയപ്പാറ ബസ് സ്റ്റാൻഡുകളിൽ കുടുങ്ങി. മരങ്ങൾ വീണു റോഡ് ഗതാഗതം തടസപ്പെട്ടതോടെ കുട്ടികൾ പലരും ഇന്നലെ കിലോമീറ്ററുകളോളം നടന്നാണ് വീടുകളിലെത്തിയത്. ഫയർഫോഴ്സ് ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പ്രധാന പാതകളിലെ തടസങ്ങൾ നീക്കിയത്.
വിവിധ പഞ്ചായത്തു പ്രദേശങ്ങളിലായി കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളാണ് വൈദ്യുതി വകുപ്പിനുണ്ടായിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധികൾ പരിഹരിക്കണമെങ്കിൽ ദിവസങ്ങൾ തന്നെ വേണ്ടി വരും. ഇതോടൊപ്പം കാറ്റിൽ മരം വീണ് നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നിട്ടുണ്ട്.
തിരുവല്ലയിൽ
വീശിയടിച്ച കാറ്റിൽ തിരുവല്ലയിലും പരിസരങ്ങളിലും നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം. തിരുവല്ല നഗരസഭ , പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലായാണ് വീടുകൾക്ക് നാശമുണ്ടായത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനേ തുടർന്നാണ് നഷ്ടങ്ങളേറെയും. ഉച്ചകഴിഞ്ഞ് വീശിയടിച്ച കാറ്റിൽ ഏക്കർ കണക്കിനു സ്ഥലത്തെ കൃഷികളും നശിച്ചു.
വൈദ്യുത ലൈനുകൾ പൊട്ടിവീണും വൻ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്. കൂറ്റൻ ആഞ്ഞിലി, തേക്ക്, പ്ലാവ് തുടങ്ങിയവ കടപുഴകി. മരച്ചീനി, ഏത്തവാഴ തുടങ്ങിയ കാർഷിക വിളകൾക്കും നാശം സംഭവിച്ചു. കാറ്റിൽ മരങ്ങൾ വൈദ്യുത ലൈനുകൾക്ക് മുകളിൽ വീണതിനേതുടർന്ന് വൈദ്യുതി വിതരണം മേഖലയിലാകെ തടസപ്പെട്ടിരിക്കുകയാണ്.
രാത്രി വൈകിയും മരങ്ങൾ മുറിച്ച് നീക്കാൻ കെഎസ്ഇബി, അഗ്നി ശമനസേന ശ്രമം തുടരുകയാണ്. നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ നഷ്ടപ്പെട്ടു. പരസ്യ ബോർഡുകളും ഷീറ്റ് മേൽക്കൂരകളും പറന്നുപോയി. നഗരത്തിലെ ഉപറോഡുകളിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിലെ പല വഴികളിലും തടസമുണ്ടായി.
അടൂരിൽ
കനത്ത മഴയും വീശി അടിച്ച കാറ്റിലും മരങ്ങൾ കടപുഴകി വീണ് അടൂർ താലൂക്കിലും വ്യാപക നാശനഷ്ടം. കെഎസ്ആർടിസി ജംഗ്ഷന് സമീപം വലിയ പഞ്ഞിമരം കാറിനും ഇരു ചക്രവാഹനങ്ങൾക്കും മുകളിലേക്ക് വീണു.കോന്നി തേക്കുംകാട്ടിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കാറിനു മുകളിലേക്കാണ് മരം വീണത്.
ജംഗ്ഷനിലെ ടൂവീലർ ഗാരേജിന്റെ ഷെഡിനുള്ളിൽ വച്ചിരുന്ന ആറ് ഇരുചക്ര വാഹനങ്ങൾ പൂർണമായും തകർന്നു. മരം വീഴുമ്പോൾ സമീപത്ത് നിന്ന കലഞ്ഞൂർ സ്വദേശി വൈശാഖ് പരിക്കൊന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടമുകൾ ടിബി ജംഗ്ഷനിൽ ഗ്രീൻ വാലിപാർക്കിന്റെ എതിർ വശത്ത് കോണത്ത് മൂല വടക്കേതിൽ വിജയൻ്റെ വീടിന് മുകളിലേക്ക് മരം വീണ് സാരമായ കേടുപാടുകൾ സംഭവിച്ചു.
മങ്ങാട് ഗപതി ക്ഷേത്രത്തിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേന എത്തിയാണ് മരങ്ങൾ മുറിച്ച് മാറ്റിയത്. കോട്ടമുകൾ പരുത്തിപ്പാറ റോഡിലും മരം വീണു ഗതാഗത തടസമുണ്ടായി.
അടൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നിരവധി സ്ഥലങ്ങളിൽ മരം വീണ് പോസ്റ്റുകൾ ഒടിഞ്ഞു. ഉദയഗിരി ഭാഗം, ചേന്നമ്പള്ളി, കെഎസ്ആർടിസി ജംഗ്ഷനിൽ സൺ ഷൈൻ ഗ്രൗണ്ട്, വെള്ളക്കുളങ്ങര, കൊന്നമങ്കര ഭാഗങ്ങളിൽ വൈദ്യുത പോസ്റ്റുകൾ തകർന്നതോടെ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്.
മല്ലപ്പള്ളിയിൽ
മല്ലപ്പള്ളിയിലും സമീപപ്രദേശങ്ങളിലും കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ വിവിധ ഇടങ്ങളിലായി ഒടിഞ്ഞുവൈദ്യുതി വിതരണം താറുമാറായി.
കടുവാക്കുഴി, ഈട്ടിക്കൽപ്പടി,ചേലക്കപ്പടി,ഇളപ്പ്പുങ്കൽ, പുതുശേരി, പൂവൻപാറ ,പുല്ലുകുത്തി എന്നിവിടങ്ങളിൽ നിരവധി പോസ്റ്റുകൾ ഒടിയുകയും ലൈനിലേക്ക് മരം വീണ് ലൈൻ കമ്പി പൊട്ടിയും വൈദ്യുതി വിതരണം താറുമാറായി.
മല്ലപ്പള്ളി സെക്ഷന്റെ പരിധിയിൽ മൂന്ന് 11 കെവി പോസ്റ്റുകളും, 12 എൽറ്റി പോസ്റ്റുകളും തകർന്നു. 35 സ്ഥലങ്ങളിൽ കമ്പി പൊട്ടിയും,40 ഓളം സ്ഥലത്ത് ലൈനിൽ മരം വീണും 25 ഓളം സ്ഥലത്ത് പോസ്റ്റ് ചരിഞ്ഞും നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.
ആനിക്കാട്, കോട്ടാങ്ങൽ, മല്ലപ്പള്ളി, കൊറ്റനാട്, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെല്ലാം വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. കോട്ടാങ്ങൽ മേഖലയിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസവും വൈദ്യുതി തകരാറുകളുമുണ്ടായി. കെട്ടിങ്ങൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി.
കോഴഞ്ചേരിയിൽ
ഇന്നലെ ഉച്ചകഴിഞ്ഞു വീശിയടിച്ച കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. കോഴഞ്ചേരി, അയിരൂര്‍, പുല്ലാട് പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മരങ്ങള്‍ കടപുഴകി വീണതിനാല്‍ വൈദ്യുതി ലൈനുകള്‍ നിശ്ചലാവസ്ഥയിലാണ്. എംകെ റോഡിന്റെ പലഭാഗങ്ങളിലും മരങ്ങള്‍ വീണ് ഗതാഗത തടസംഉണ്ടായിരിക്കുകയാണ്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
തിരുവോണത്തോണി യാത്രയ്ക്കായി എത്തുന്ന മങ്ങാട്ട് ഭട്ടതിരി ഉത്രാടം നാൾ വിശ്രമിക്കുന്ന അയിരൂർ മഠത്തിന്റെ ശ്രീകോവിൽ മരം വീണു തകർന്നു. കോഴഞ്ചേരി തെക്കേമലയിലും പരിസരങ്ങളിലും വ്യാപകമായി മരങ്ങൾ കടപുഴകി. ചെങ്ങന്നൂർ, പന്തളം, ഇലവുംതിട്ട റോഡുകളിൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
കോന്നിയിൽ
കോന്നിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ തേക്ക് പിഴുത് വീണ് കോന്നി വെട്ടൂർ - കുമ്പഴ റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. സംഭവത്തിൽ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു.
വാഹനങ്ങൾ പയ്യനാമൺ - ആമക്കുന്ന് റോഡ് വഴി തിരിച്ചു വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. കോന്നി രാമകൃഷ്ണ വിലാസം ഉത്തമൻ നായരുടെ വീടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണ് നാശനഷ്ടം ഉണ്ടായി. ഉത്തമൻ നായരും ഭാര്യ സരോജിനിയും അടുത്ത മുറിയിൽ ടിവി കണ്ടുകൊണ്ടിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചിറ്റാറിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. അട്ടച്ചാക്കൽ ആർ എസ് ഭവൻ രമണന്റെ വീടിന് മുകളിൽ പുളിമരം വീണ് വീടിന് ഭാഗിക നാശനഷ്ടം സംഭവിച്ചു. കോന്നി വില്ലേജിൽ ചൂരപ്ലാമൂട്ടിൽ അച്ചൻകുഞ്ഞിന്റെ വീടിന് മുകളിലേക്ക് മരം വീണു. സീതത്തോട് മൂന്ന്കല്ല് തട്ടേകാട്ടിൽ സുരേഷിന്റെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടം നേരിട്ടു.
തേക്കുതോട് ഏഴാം തല കരിങ്ങഴ വീട്ടിൽ വിജയന്റെ വീടിന് മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടം ഉണ്ടായി. ഇളകൊള്ളൂർ കാഞ്ഞിരവിളയിൽ ശ്രീകുമാറിന്റെ വീടിന് മുകളിലേക്കും മരം വീണ് നാശം നേരിട്ടു.
ചുങ്കപ്പാറയിൽ
കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളായ നിർമല പുരം, മാരംകുളം, ചുങ്കപ്പാറ, തോട്ടത്തുംങ്കുഴി, കോട്ടാങ്ങൽ , വഞ്ചികപ്പാറ, കുളത്തൂർമൂഴി, വായ്പൂര് പ്രദേശങ്ങളിൽ കാറ്റിലും മഴയിലും നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ചുങ്കപ്പാറയിൽ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് വീടുകൾ , വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. വൈദ്യുത ലൈനുകളും പോസ്റ്റുകളും തകർന്നതോടെ വൈദ്യുതി വിതരണം താറുമാറായി. ചുങ്കപ്പാറ തുണ്ടു മുറിയിൽ അസീസിന്റെ വീട് മരം വീണ് തകർന്നു. കാറ്റിനിടെ മരങ്ങൾ കടപുഴകി വീണ് പ്രധാന റോഡുകളിൽ അടക്കം ഗതാഗതം മുടങ്ങി.