വിദ്യാഭ്യാസരംഗത്ത് മത്സരാധിഷ്ഠിത സമീപനം ഉണ്ടാകണം: ഡോ. കുഞ്ചെറിയ പി. ഐസക്
1578398
Thursday, July 24, 2025 3:39 AM IST
മല്ലപ്പള്ളി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ കോഴ്സുകളും മാറ്റങ്ങളും ഉണ്ടാകണമെന്ന് ഡോ.കുഞ്ചെറിയ പി. ഐസക്. തുരുത്തിക്കാട് ബിഎഎം കോളജിൽ ഐക്യുഎസി സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മത്സരാധിഷ്ഠിത സമീപനം കൈക്കൊണ്ടാൽ മാത്രമേ വിദ്യാഭ്യാസസ്ഥാപനങ്ങൾ ലോകോത്തര നിലവാരമുള്ളവയായി മാറുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലാസ് മുറികൾക്ക് പുറത്തേക്ക് ജ്ഞാനാന്വേഷണത്തിന്റെ വാതിലുകൾ തുറക്കണമെന്ന് ഡോ. കുഞ്ചെറിയ ആവശ്യപ്പെട്ടു. കോമളം പാലത്തിന്റെ തകർച്ച കല്ലൂപ്പാറ പഞ്ചായത്തിലും സമീപ്രദേശങ്ങളിലും സൃഷ്ടിച്ച സാമൂഹ്യ-സാമ്പത്തിക വ്യയത്തെ സംബന്ധിച്ചു സാന്പത്തിക ശാസ്ത്ര വകുപ്പ് തയാറാക്കിയ പഠന റിപ്പോർട്ട് യോഗത്തിൽ പ്രകാശനം ചെയ്തു.
കോളജ് മാനേജർ ഡോ. മാത്യു പി. ജോസഫ്, പ്രിൻസിപ്പൽ ഡോ.ജി.എസ്. അനീഷ് കുമാർ, കോളജ് സിഇഒ ഏബ്രഹാം ജോർജ്, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. നീതു ജോർജ്, ഡോ. തോംസൺ കെ. അലക്സ് എന്നിവർ പ്രസംഗിച്ചു.