പൊന്തൻപുഴ വനഭൂമിക്കുമേൽ വീണ്ടും അവകാശവാദം; പെരുന്പെട്ടി പട്ടയം അട്ടിമറിക്കാൻ നീക്കം
1578659
Friday, July 25, 2025 4:08 AM IST
പത്തനംതിട്ട: പൊന്തൻപുഴ - വലിയകാവ് വനമേഖലയിൽ സ്വകാര്യ വ്യക്തികൾ അവകാശം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി വീണ്ടും രംഗത്ത്. ഹൈക്കോടതി ഉത്തരവിന്റെ കൂടി പിൻബലത്തിലാണ് തങ്ങൾക്കവകാശപ്പെട്ട ഭൂമി കണ്ടെത്തി നൽകണമെന്ന ആവശ്യവുമായി സ്വകാര്യ വ്യക്തികൾ റവന്യൂവകുപ്പിനെ സമീപിച്ചിരിക്കുന്നത്.
ദീർഘകാലമായി നിലനിൽക്കുന്ന വനഭൂമി അവകാശത്തർക്കം വീണ്ടും ഉന്നയിച്ച് അവസാനഘട്ടത്തിലെത്തി നിൽക്കുന്ന പെരുന്പെട്ടി പട്ടയത്തെ അട്ടിമറിക്കാനാണ് നീക്കമെന്ന് സൂചന.
സുപ്രീംകോടതിവരെ എത്തിയ അവകാശത്തർക്കത്തിൽ അന്തിമവിധി വന്നിട്ടില്ല. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്നു ഭൂമി അളന്നു തിരിക്കണമെന്ന ആവശ്യവുമായി ഇടക്കാല ഉത്തരവ് വാങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയ്ക്കുമേൽ അവകാശവാദം ഉന്നയിച്ച ഹർജിയിൽ വനംവകുപ്പ് ഹൈക്കോടതിയിൽ മൗനംപാലിക്കുകയായിരുന്നു.
മുന്പും ഇതേ നിലപാട് സ്വീകരിച്ച വനംവകുപ്പിന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടിരുന്നു. വ്യക്തികൾ വനഭൂമിയിൽ ഉന്നയിച്ച അവകാശവാദം കോടതി അംഗീകരിച്ച് ഉത്തരവായതാണ്. സംഭവം വിവാദമായതോടെ വനംവകുപ്പ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
432.50 ഏക്കർ വരുന്ന റിസർവ് വനം ചില ട്രസ്റ്റുകൾക്കു വിട്ടുകൊടുത്തുകൊണ്ട് അഞ്ചു വർഷം മുമ്പു വന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇത് നിലനിൽക്കവേയാണ് വനത്തിനുമേൽ അവകാശം ഉന്നയിച്ച 283 വ്യക്തികൾക്ക് വനഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഇപ്പോൾ സർവേ ഡയറക്ടർക്കും കോട്ടയം, കോന്നി, റാന്നി ഡിഎഫ്ഒമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
നിലവിൽ സുപ്രീംകോടതിയിൽ നിന്നുള്ള സ്റ്റേ ഉത്തരവ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്താൻ വനംവകുപ്പ് ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. ഹൈക്കോടതി നിർദേശം ലഭിച്ചതിനു പിന്നാലെ ഡിജിറ്റൽ സർവേ നടപടികൾ അടക്കം നിർത്തിവച്ച് ജീവനക്കാരെ ഉത്തരവ് നടപ്പാക്കാൻ നിയോഗിച്ചതായി പറയുന്നു. വനഭൂമിയുടെ ഡിജിറ്റൽ സർവേ അടക്കം പൂർത്തീകരിച്ചതാണ്. മുന്പുണ്ടായ പിശകുകൾ തിരുത്താൻ ലാൻഡ് റവന്യു കമ്മീഷണർ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
സമരം ശക്തമാക്കുമെന്ന് വനസംരക്ഷണസമിതി
വലിയകാവ് - പൊന്തൻപുഴ വനഭൂമിയിൽ അവകാശത്തർക്കം ഉന്നയിച്ചു രംഗത്തുവരുന്ന ആരെയും പെരുന്പെട്ടി, പൊന്തൻപുഴ പ്രദേശങ്ങളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പെരുന്പെട്ടി പൊന്തൻപുഴ സമരസമിതി മുന്നറിയിപ്പ് നൽകി.
ഡിജിറ്റൽ സർവേ ഫലം അട്ടിമറിക്കാനും മാഫിയയ്ക്കു വനഭൂമി മറിച്ചു നൽകാനും പകരം 747 കർഷകരുടെ കൈവശഭൂമി വനമാക്കി മാറ്റാനുമുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും സമര സമിതി കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി പെരുന്പെട്ടി, പൊന്തൻപുഴ നിവാസികൾ നടത്തിയ പോരാട്ടത്തിനൊടുവിലാണ് പട്ടയം അനുവദിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയത്.
ഇതിന്റെ ഭാഗമായ ഡിജിറ്റൽ സർവേ പെരുന്പെട്ടി വില്ലേജിൽ പൂർത്തീകരിച്ചതാണ്. സെക്ഷൻ 13 വിജ്ഞാപനം ഇക്കാര്യത്തിൽ ഇനി പുറപ്പെടുവിച്ചാൽ മതിയാകും. ഇതിനാവശ്യമായ സർക്കാർ ഉത്തരവ് കഴിഞ്ഞ മേയ് 30നു പുറപ്പെടുവിച്ചിരുന്നു. ആലപ്ര, പൊന്തൻപുഴ ഡിജിറ്റൽ സർവേ കൂടി പൂർത്തീകരിച്ചാൽ മുഴുവൻ കൈവശ കർഷകർക്കും പട്ടയം നൽകാനാകും.
ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്പോഴാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നത് ദുരൂഹമാണ്. ഇതിനെതിരേ പ്രതിരോധ സദസുകൾ അടക്കം സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനമെന്ന് കൺവീനർ സന്തോഷ് പെരുന്പെട്ടി പറഞ്ഞു. മുൻ സർവേകളിൽ ഭൂമിയുടെ ഇനം സംബന്ധിച്ച് പിശകുകൾ കടന്നുകൂടിയിരുന്നു.
ഇത് പൂർണമായി തിരുത്തിയാണ് ഡിജിറ്റൽ സർവേ നടത്തിയത്. വനംവകുപ്പിന്റെഭൂമി നിലവിലെ ജണ്ടകൾക്കുള്ളിൽ സുരക്ഷിതമാണെന്നും കണ്ടെത്തിയിരുന്നു. 512 കർഷകർക്കാണ് പെരുന്പെട്ടിയിൽ പട്ടയം ലഭിക്കാനുള്ളത്. പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്കു പട്ടയം തേടിയാണ് ഇവർ കാത്തിരിക്കുന്നത്.